മദ്യപിച്ചു വാഹനം ഓടിക്കുന്നവര്‍ക്കു പിടിവീഴും; നിയമം ശക്തമാക്കി ഗാര്‍ഡാ അയര്‍ലന്‍ഡില്‍

ഡബ്ലിന്‍: മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങളും മറ്റ് സുരക്ഷാപ്രശ്‌നങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗതാഗത നിയമങ്ങള്‍ ഉടച്ചുവാര്‍ക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ട്രാഫിക് നിയമങ്ങളില്‍ 50 വര്‍ഷത്തെ ഏറ്റവും വലിയ അഴിച്ചുപണി നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ നാലിലൊരാള്‍ കൊല്ലപ്പെടുമ്പോള്‍ മദ്യപിച്ച് വാഹനമോടിക്കുന്ന 60 ശതമാനം പേരും ശിക്ഷാ നടപടികളില്‍ നിന്ന് രക്ഷപ്പെടുകയാണെന്ന റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെടുമെങ്കിലും നിയമത്തിലെ പഴുതുപയോഗിച്ച് ശിക്ഷാനടപടികളില്‍ നിന്ന് രക്ഷപ്പെടുന്നുവെന്നാണ് നിയമജ്ഞരും ഗാര്‍ഡയും പറയുന്നത്. ഈ പഴുതുകളെല്ലാം അടച്ചുകൊണ്ടായിരിക്കും 1960 ലെ ഡ്രിങ്ക് ഡ്രൈവിംഗ് നിയമവും മറ്റും പരിഷ്‌ക്കരിക്കുന്നതെന്ന് ഗതാഗതമന്ത്രി പാസ്‌കല്‍ ഡൊനഹൂവിന്റെ പ്രതിനിധി അറിയിച്ചു.

ഇതോടൊപ്പം മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് നടത്തുന്ന റോഡ് സൈഡ് പരിശോധന പോലെ ഡ്രഗ്‌സ് ഉപയോഗിക്കുന്നവരെ പരിശോധിക്കുന്നതിനുള്ള റോഡ് ട്രാഫിക് ബില്ലില്‍(2015) അധികൃതര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ നിയമത്തിലെ പഴുതും സാങ്കേതികത്വവുമുപയോഗിച്ച് രക്ഷപ്പെടരുതെന്നും ഇതിനായി നിലവിലെ റോഡ് ട്രാഫിക്ക് നിയമങ്ങള്‍ പൊളിച്ചെഴുതണമെന്നുമുള്ളത് റോഡ് സേഫ്റ്റി കാമ്പയില്‍ നടത്തുന്നവരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ്.

ജനുവരി 2013 മുതല്‍ മെയ് 2015 വരെയുള്ള കാലയളവില്‍ 20,000 പേര്‍ മദ്യപിച്ച് വാഹനമോടിച്ചതിന് ഡിസ്ട്രിക് കോര്‍ട്ടിനു മുമ്പില്‍ ഹാജരായെങ്കിലും 6.707 പേര്‍ക്ക് മാത്രമാണ് ശിക്ഷ ലഭിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അഭിഭാഷകരാണ് റോഡിലെ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളിയുയര്‍ത്തുന്നതെന്ന് മയോ കൗണ്ടി കൗണ്‍സിലിലെ റോഡ് സേഫ്റ്റി ഓഫീസറായ നോയല്‍ ഗിബ്‌സണ്‍ പറയുന്നു. ഇവര്‍ തങ്ങളുടെ കക്ഷികളെ നിയമത്തിന്റെ പഴുതുകളുപയോഗിച്ച് രക്ഷപ്പെടുത്തുന്നു. എന്നാല്‍ മദ്യപിച്ച് വാഹനമോടിക്കുന്നതിലൂടെയുണ്ടാകുന്ന അപകടസാധ്യതകളെ തിരിച്ചറിയണമെന്നും അതിനെ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പെടുത്തണമെന്നും നാലുപേരില്‍ ഒരാള്‍ വീതം മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ കൊല്ലപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ ഈ മേഖലയില്‍ ശക്തമായ അവബോധം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top