സ്വന്തം ലേഖകൻ
സിഡ്‌നി: മദ്യലഹരിയിൽ യാത്രാ നിരോധമുള്ള റോഡിലേയ്ക്കു വാഹനം ഓടിച്ചു പോയി പ്രളയ ജലത്തിൽ കുടുങ്ങിയ പെൺകുട്ടിക്കെതിരെ പൊലീസ് കേസ്. സിഡ്‌നി ന്യൂ സൗത്ത് വെയിൽസ് സ്വദേശിയായ പെൺകുട്ടിക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ന്യൂ സൗത്ത് വെയിൽസിലെ ഇല്ലവാരായിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവങ്ങൾ. കന്ന മഴയിൽ ജല നിരപ്പ് ഉയർന്നതിനെ തുടർന്നു ആൽബിയോൺ പാർക്ക് റോഡിൽ ഗതാഗതം നിരോധിച്ചിരിക്കുകയായിരുന്നു. ഇതിനിടെ പുലർച്ചെ അഞ്ചു മണിയോടെ ഗതാഗത നിയമം ലംഘിച്ച് 33 കാരിയായ യുവതി കാറിൽ പാഞ്ഞെത്തുകയായിരുന്നു. ഗതാഗതം നിരോധിച്ചിരുന്ന വഴിയിലൂടെ അമിത വേഗത്തിൽ കാറോടിച്ചു പാഞ്ഞ ഇവർ, അപകടകരമായ രീതിയിലാണ് ഇതുവഴി കടന്നു പോയത്.
ഇവരുടെ വാഹനം നിയന്ത്രിക്കാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളും പെൺകുട്ടി ഇടിച്ചു തകർത്തു. തുടർന്നു വാഹനം അമിത വേഗത്തിൽ പാഞ്ഞ് പ്രളയ ജലത്തിൽ മുങ്ങുകയായിരുന്നു. അപകടകരമായ രീതിയിൽ വാഹനം പാഞ്ഞതു കണ്ടു പിന്നാലെ എത്തിയ പൊലീസും, രക്ഷാ പ്രവർത്തകരും ചേർന്നു പെൺകുട്ടിയെ കാറിനുള്ളിൽ നിന്നു പുറത്തെത്തിച്ചു. തുടർന്നു വൈദ്യ പരിശോധന നടത്തിയപ്പോഴാണ് പെൺകുട്ടിയുടെ ശരീരത്തിൽ ആളവിലധികം മദ്യം കണ്ടെത്തിയത്. തുടർന്നു ഇവർക്കെതിരെ കേസെടുത്തു. പോർട്ട് കേബഌ ലോക്കൽ കോടതിയിൽ ഇവരെ ഹാജരാക്കി.