പി.പി ചെറിയാന്‍
അരിസോണ: ജൂണ്‍ 19 ഞായറാഴ്ച ഉണ്ടായ രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ പി.നരേഷ് (24) നമ്പൂരി സിദ്ധാര്‍ഥ (25) എന്നീ രണ്ടു ഇന്ത്യന്‍ യുവാക്കള്‍ മുങ്ങി മരിച്ചു.
അരിസോണയില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ജീവനക്കാരനായ സിദ്ധാര്‍ഥ കൂട്ടുകാരനുമൊത്തു വെള്ളച്ചാട്ടത്തിനു സമീപം പിക്‌നിക്ക് നടത്തിക്കൊണ്ടിരിക്കെ അപകടത്തില്‍പ്പെടുകയായിരുന്നു. അബന്ധത്തില്‍ കാല്‍ വഴുതി ഇയാള്‍ താഴേയ്ക്കു പതിക്കുകയായിരുന്നു. രക്ഷാ പ്രവര്‍ത്തകര്‍ ഓടിയെത്തി സിദ്ധാര്‍ഥയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
അഞ്ചു വര്‍ഷം മുന്‍പാണ് സിദ്ധാര്‍ഥ യൂണിവേഴ്‌സിറ്റി ഓഫ് അരിസോണയില്‍ പഠനത്തിനായി ഇന്ത്യയില്‍ നിന്നും എത്തിച്ചേര്‍ന്നത്. പഠനം പൂര്‍ത്തിയാക്കി ടാറ്റ കമ്പനിയില്‍ ജോലി ചെയ്തു വന്നിരുന്ന സിദ്ധാര്‍ഥ അടുത്ത മാസം നാട്ടിലേയ്ക്കു തിരിച്ചു പോകാനിരിക്കുകയായിരുന്നു.
കാലിഫോര്‍ണിയായിലെ ലിവര്‍മോര്‍ റിവര്‍പാര്‍ക്കിലാണ് പി.നരേഷ് മുങ്ങി മരിച്ചത്. ബോട്ടില്‍ നദിയില്‍ ഉല്ലാസ യാത്ര നടത്തുന്നതിനിടെ വെള്ളത്തിലേയ്ക്കു വീണാണ് നരേഷ് മരിച്ചത്. നരേഷിനു വേണ്ടി വ്യപകായി തിരച്ചില്‍ നടത്തിയ ശേഷമാണ് നരേഷിന്റെ മൃതദേഹം ലോക്കല്‍ പൊലീസ് കണ്ടെടുത്തത്.
ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ലയില്‍ നിന്നുള്ള വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമായ നരേഷ് കാലിഫോര്‍ണിയയില്‍ രണ്ടാം വര്‍ഷ എംഎസ് വിദ്യാര്‍ഥിയായിരുന്നു. പഠനത്തിനൊപ്പം പാര്‍ട്ടൈം ജോലി ചെയ്തു ലഭിക്കുന്ന തുക പഠനത്തിനും കുടുംബാവശ്യത്തിനു നരേഷ് ഉപയോഗിച്ചിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്ത്യയിലേയ്ക്കു കൊണ്ടു പോകുന്നതിനുള്‌ല നടപടികള്‍ ഇന്ത്യ ഗവണ്‍മെന്റും യുഎശ് എംബസിയുമായി ബന്ധപ്പെട്ടു സ്വീകരിച്ചു വരുന്നു.