പെനിസില്‍വാനിയ സര്‍വകലാശാലക്ക് കീഴിലെ വാര്‍ട്ടണ്‍ സ്കൂളില്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു
അബുദാബി :ആരോഗ്യപരിപാലന മേഖലയുടെ ഭാവി സാങ്കേതിവിദ്യയിലധിഷ്ഠിതമായിരിക്കുമെന്ന് വി.പി.എസ് ഹെല്‍ത്ത്കെയര്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ഷംഷീര്‍ വയലില്‍. ആരോഗ്യകരമായ ജീവിതം എങ്ങനെ നയിക്കാനാകുമെന്ന് പൊതുജനാരോഗ്യ വിദഗ്ധര്‍ ആളുകളെ കൂടുതല്‍ ബോധവത്കരിക്കുന്ന കാലം കൂടിയാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയിലെ പെനിസില്‍വാനിയ സര്‍വകലാശാലക്ക് കീഴിലെ ലോകത്തെ മികച്ച ബിസിനസ് വിദ്യാഭ്യാസ സ്ഥാപനമായ വാര്‍ട്ടണ്‍ സ്കൂളില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കേവലമൊരു ഡോക്ടറില്‍ നിന്ന് മികച്ച സംരംഭകനിലേക്കുള്ള അതിശയകരമായ വളര്‍ച്ച അദ്ദേഹം വിദ്യാര്‍ഥികളോട് വിശദീകരിച്ചു. അബൂദബിയിലെ പ്രമുഖ ആശുപത്രികളിലൊന്നില്‍ റേഡിയോളജിസ്റ്റായാണ് താന്‍ കരിയര്‍ തുടങ്ങിയത്. എന്നാല്‍ ആശുപത്രിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടേണ്ടതല്ല ജീവിതമെന്നും സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്നും മനസ്സില്‍ തോന്നി. 2007ല്‍ അബൂദബിയില്‍ ആദ്യ ആശുപത്രി സ്ഥാപിച്ച് ജൈത്രയാത്രക്ക് തുടക്കം കുറിച്ചു. എല്ലാ സംരംഭങ്ങളെയും പോലെ ആദ്യഘട്ടത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടിരുന്നു. എന്നാല്‍ എല്ലാത്തിനെയും അതിജയിച്ച് മുന്നോട്ട് പോകാന്‍ കഴിഞ്ഞു. കൂടെ ജോലി ചെയ്യുന്നവരുടെ ചെറിയ ഉപദേശങ്ങള്‍ പോലും പരിഗണിക്കുന്നതാണ് തന്‍െറ വിജയരഹസ്യം. തീരുമാനങ്ങളെടുക്കാനും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും ജീവനക്കാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതിലൂടെ അവരുടെ കഴിവുകള്‍ മുഴുവന്‍ പുറത്തെടുക്കാന്‍ കഴിയുന്നുവെന്ന് സ്വന്തം അനുഭവത്തിന്‍െറ വെളിച്ചത്തില്‍ അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ക്കും സ്വന്തമായ സ്വപ്നങ്ങള്‍ ഉണ്ടാകും. എന്നാല്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ സ്വപ്നം സാക്ഷാത്കരിച്ച് വിജയം കൈവരിക്കാന്‍ സാധിക്കൂ. സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിച്ച് സ്വപ്നങ്ങള്‍ക്ക് പുറകെ പായുകയാണ് വേണ്ടത്. കുറഞ്ഞ കാലം കൊണ്ട് തനിക്ക് അത് സാധിച്ചു. 7500 ജീവനക്കാരും 650 ഡോക്ടര്‍മാരും ജോലി ചെയ്യുന്ന ബില്യണ്‍ ഡോളര്‍ ഹെല്‍ത്ത്കെയര്‍ കമ്പനിയാണ് ഇപ്പോള്‍ വി.പി.എസ് ഹെല്‍ത്ത് കെയര്‍. പ്രതിവര്‍ഷം 20 ലക്ഷത്തോളം രോഗികളാണ് ഗ്രൂപ്പിന് കീഴിലുള്ള ആശുപത്രികളിലത്തെുന്നത്. തിരക്കുപിടിച്ച ജീവിതത്തിനൊപ്പം കുടുംബത്തെയും പരിഗണിക്കുന്നുവെന്നത് തന്‍െറ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. മാതാവിനെ ടെലിഫോണില്‍ വിളിച്ചാണ് തന്‍െറ ഒരുദിനം തുടങ്ങുന്നത്. ഇത് തനിക്ക് ഓരോദിവസവും പോസിറ്റീവ് എനര്‍ജി നല്‍കുന്നു. ഈ രീതി പിന്തുടരാന്‍ ഉപദേശിച്ചാണ് അദ്ദേഹം പ്രഭാഷണം അവസാനിപ്പിച്ചത്.
വളരെയധികം താല്‍പര്യത്തോടെയാണ് ഡോ. ഷംഷീറിന്‍െറ പ്രഭാഷണം വിദ്യാര്‍ഥികള്‍ കേട്ടിരുന്നത്. വാര്‍ട്ടണ്‍ സ്കൂളിന് കീഴിലെ റേഡിയോക്ക് വേണ്ടി ഡാന്‍ ലോണിയും വാര്‍ട്ടണ്‍ പ്രഫസര്‍ മൈക്കല്‍ യുസീമും അദ്ദേഹത്തെ ഇന്‍റര്‍വ്യൂ ചെയ്യുകയുമുണ്ടായി.