വയറ്റിനുള്ളില്‍ മയക്കുമരുന്ന് കടത്തി; എക്‌സ് റേ പരിശോധനയില്‍ പിടിയിലായി

ദുബായ്: വയറ്റിലൊളിപ്പിച്ച് ഒരു കിലോയിലധികം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ക്ക് ദുബായില്‍ ഏഴ് വര്‍ഷം തടവിന് വിധിച്ചു. ആഫ്രിക്കന്‍ പൗരനായ 40കാരനാണ് ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്ന് സ്വന്തം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുവന്നത്. ഏഴ് വര്‍ഷം തടവിന് പുറമെ 50,000 ദിര്‍ഹം പിഴയും ഇയാള്‍ അടയ്ക്കണം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് പ്രതി പിടിയിലായത്. ഇയാളുടെ മുഖത്തെ പരിഭ്രമവും പേടിയും കണ്ട് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ക്ക് സംശയം തോന്നുകയും തുടര്‍ന്ന് സാധാരണ പോലെ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ഇയാള്‍ക്ക് പേടികാരണം സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ പരിശോധന നടത്തുകയായിരുന്നു. വയറിന്റെ എക്‌സ്‌റേ പരിശോധനയില്‍ അസ്വഭാവികമായ വസ്തുക്കള്‍ കണ്ടെത്തിയതോടെ ഇയാളെ ആന്റി നര്‍കോട്ടിക്‌സ് വിഭാഗത്തിന് കൈമാറി.പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ച് വിശദമായ പരിശോധന നടത്തി. വയറ്റില്‍ നിന്ന് 63 മയക്കുമരുന്ന് ഗുളികളാണ് കണ്ടെത്തിയത്. ഇതിന് 1.07 കിലോഗ്രാം ഭാരമുണ്ടായിരുന്നെന്ന് ഇയാള്‍ പറഞ്ഞു. മയക്കുമരുന്ന് ദുബായില്‍ എത്തിക്കുന്നതിന് തനിക്ക് ഒന്നര ലക്ഷത്തോളം രൂപ പ്രതിഫലം ലഭിച്ചിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.

Top