സ്വന്തം ലേഖകൻ
ഫ്ളോറിഡാ: രണ്ടു വയസുള്ള കുട്ടിയെ കാറിന്റെ പിൻസീറ്റിലിരുത്തി മദ്യപിച്ചു വാഹനം ഓടിച്ച നാൽപ്പത്തിമൂന്നു വയസുള്ള ലഫ്മാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ടയർ പൊട്ടിപ്പൊളിഞ്ഞു റിം നിരത്തിലൂടെ ഉരഞ്ഞു അതിവേഗം പായുന്ന കാറിനെക്കുറിച്ചുള്ള സന്ദേശം പൊലീസിനു ലഭിച്ചിരുന്നു.
തുടർന്നു കാറിനെ അന്വേഷിച്ചിറങ്ങിയ പൊലീസ് റോഡിൽ കാർ പാർക്ക് ചെയ്തു മയങ്ങിക്കിടക്കുന്ന ലഫ്മാനേയും രണ്ടു വയസുള്ള കുട്ടിയെയുമാണ് കണ്ടത്. കാറിനു പുറത്ത് ഇറങ്ങുന്നതിനു ആൾക്കഹോൾ ടെസ്റ്റ് നടത്തുന്നതിനും പൊലീസ് ആവശ്യപ്പെട്ടു. പരിശോധനയിൽ ലഫ്മാൻ മദ്യപിച്ചതായി കണ്ടെത്തിയ പൊലീസ് ഇവരെ കൈവിലങ്ങ് അണിയിച്ചു അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുട്ടിയെ പിന്നീട് പിതാവിനെ ഏൽപ്പിക്കുകയും ചെയ്തു.
കുട്ടിക്കു അപകടം സംഭവിക്കത്തക്കവിധം വാഹനം ഓടിച്ചതിനും മദ്യപിച്ചു വാഹനം ഓടിച്ചതിനും ഇവരുടെ പേരിൽ പൊലീസ് കേസെടുത്തു. ശനിയാഴ്ച ജയിലിൽ അടച്ച ഇവരെ ഇന്ന് ജാമ്യത്തിൽ വിട്ടു. കുട്ടികളെ കാറിൽ ഇരുത്തി മദ്യപിച്ചു വാഹനം ഓടിക്കുന്നതു ഗുരുതരമായ കുറ്റമാണെന്നു പൊലീസ് പറഞ്ഞു.