ദുബൈ: ദുബൈയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് 3 ലക്ഷം ദിര്‍ഹം (57,25,155 രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ അപ്പീല്‍ കോടതി വിധിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി നവാസിനാണ് നഷ്ടപരിഹാരത്തുക ലഭിച്ചത്.
17 വര്‍ഷമായി ദുബൈയിലുള്ള നവാസ്, ഒരു കഫ്റ്റീരിയയിലെ വെയിറ്ററും ഡെലിവറി ബോയിയുമാണ്. 2014 മെയ് 4നാണ് കേസിനാസ്പദമായ അപകടമുണ്ടായത്. ഒരു ഫ്‌ളാറ്റില്‍ ഭക്ഷണ സാധനം കൊടുത്ത് മോട്ടോര്‍ സൈക്കിളില്‍ തിരിച്ചു വരുമ്പോള്‍ മിസ്ഹര്‍2 ഏരിയയില്‍ ഈജിപ്തുകാരി ഓടിച്ച കാര്‍ നവാസിന്റെ മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഏറെ ദൂരേക്ക് തെറിച്ചു പോയ നവാസിന്റെ ഹെല്‍മറ്റും തലയില്‍ നിന്നും ഊരിപ്പോയി. തലക്ക് ക്ഷതമേറ്റ നവാസിനെ ഉടന്‍ റാഷിദ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 5 ദിവസം ബോധരഹിതനായി കിടന്നു. ആകെ 15 ദിവസം റാഷിദ് ആസ്പത്രിയില്‍ ചികിത്സ നടത്തിയ ശേഷം നാട്ടിലേക്ക് കൊണ്ടു പോയി. 7 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത കേസില്‍ പ്രാഥമിക കോടതി 3 ലക്ഷം ദിര്‍ഹം വിധിച്ചത് അപ്പീല്‍ കോടതി ശരി വെക്കുകയായിരുന്നു. കോടതിയില്‍ നിന്ന് പലിശയടക്കം 312,850 ദിര്‍ഹം ഈ കേസില്‍ ലഭിച്ചു. നവാസ് ഇപ്പോള്‍ ദുബൈയില്‍ ജോലി ചെയ്യുന്നുണ്ട്.