ദുബൈ: ഗള്‍ഫിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയമായ ദുബൈ സെന്‍റ് മേരീസ് പള്ളിയില്‍, വിശുദ്ധ അന്തോണീസിന്‍െറ തിരുനാള്‍ ആഘോഷിച്ചു. ഇടവകയിലെ മലയാളി കത്തോലിക്ക സമൂഹം സംഘടിപ്പിച്ച തിരുനാള്‍ ആഘോഷങ്ങളില്‍, സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഡോ. സ്റ്റാന്‍ലി റോമന്‍ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. പള്ളി വികാരി ഫാ. ലെനീ കോന്നൂളി , ദുബൈ പള്ളിയിലെ മലയാളി സമൂഹം ആധ്യാത്മികഗുരു ഫാ.അലക്സ് വാച്ചാപറമ്പില്‍, കൊല്ലത്തെ ബിഷപ്പ് ജെറോം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ഫാ. രാജേഷ് മാര്‍ട്ടിന്‍ എന്നിവര്‍ ദിവ്യബലിയ്ക്ക് സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന്, ലദീഞ്ഞ്, പ്രദക്ഷിണം, അമ്പ് വണങ്ങള്‍ എന്നിവയും നടന്നു. കേരളത്തിലെ തിരുനാള്‍ ആഘോഷങ്ങളെ പോലെ, പരമ്പരാഗത രീതിയില്‍ വാദ്യമേളങ്ങളോടെ നടന്ന പ്രദക്ഷിണത്തില്‍ പട്ടുകുടകളും കൊടികളുമായി, സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുളളവര്‍ അണിനിരന്നു.