ദുബായ് മറീനയിലെ 75 നില കെട്ടിടത്തിന് തീ പിടിച്ചു. ആഡംബര ഫ്‌ലാറ്റ് സമുച്ചയമായ സുലഫ ടവറിലാണ് തീ പിടിച്ചത്. മണിക്കൂറുകളോളം നീണ്ട കഠിനശ്രമത്തിനൊടുവില്‍തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ഉച്ചകഴിഞ്ഞ് 2.48 ന് കെട്ടിടത്തിലെ 35-ാം നിലയിലാണ് ആദ്യം തീ പ്രത്യക്ഷപ്പെട്ടത്. പെട്ടെന്ന് തന്നെ തീ മുകള്‍ നിലയിലേക്ക് പടര്‍ന്നു. കത്തിവീണഅവശിഷ്ടങ്ങളിലൂടെ താഴത്തെ നിലകളിലേക്കും തീപടരുകയായിരുന്നു. ഇതിനിടയില്‍ സിവില്‍ ഡിഫന്‍സ് അധികൃതരും പൊലീസും ചേര്‍ന്ന് കെട്ടിടത്തിനകത്തുള്ള നൂറുകണക്കിനാളുകളെ ഒഴിപ്പിച്ചു. കെട്ടിടത്തിന്റെ മിക്ക നിലകളിലേക്കും തീ പടര്‍ന്നിരുന്നു.മുകള്‍ നിലയിലെ കാര്‍ പാര്‍ക്കിങ്ങിലേക്കും തീ പടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
കത്തിവീണുകൊണ്ടിരുന്ന അവശിഷ്ടങ്ങള്‍ അപകടത്തിന് ഇടയാക്കുമെന്നതിനാല്‍ ഈ സമയം പരിസരത്തെ റോഡുകളെല്ലാം അടച്ചിരുന്നു. സുലഫ ടവറിന്ചുറ്റുമുള്ള കെട്ടിടങ്ങളിലെ താമസക്കാരെയും അധികൃതര്‍ ഒഴിപ്പിച്ചു. പത്തിലേറെ ഫയര്‍ എഞ്ചിനുകളാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. മൂന്ന് മണിക്കൂര്‍ കൊണ്ട് തീ നിയന്ത്രണവിധേയമാക്കിയതായും ആര്‍ക്കും പരിക്കില്ലെന്നും ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു.
285 മീറ്റര്‍ ഉയരമുള്ള സുലഫ ടവര്‍ ഉയരം കൊണ്ട് ദുബായിലെ 23-ാമത് കെട്ടിടമാണ്. ലോകത്തിലെ 127-ാം സ്ഥാനത്തുള്ള ഈ കെട്ടിടത്തില്‍ 2012 ല്‍36-ാം നിലയില്‍ തീപ്പിടിച്ചിരുന്നു. കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചവര്‍ക്ക് അധികൃതര്‍ സമീപത്തുള്ള ഹോട്ടലുകളില്‍ താമസസൗകര്യം ഒരുക്കി. ചില ഹോട്ടലുകള്‍ സൗജന്യമായി മുറികള്‍ വിട്ടുകൊടുത്തു.