ബിജു കരുനാഗപ്പള്ളി
ദുബൈ: ദുബൈയിലെ പുതിയ പാര്‍ക്കിങ് ഫീസ് നിലവിൽ വന്നു . രണ്ട് സോണുകള്‍ കൂടി പുതുതായി ഉള്‍പ്പെടുത്തിയാണ് ഫീസ് നിരക്ക് പരിഷ്കരിച്ചിരിക്കുന്നത്. 23 ശതമാനം പാര്‍ക്കിങ് സ്ഥലത്ത് ഫീസ് ഇരട്ടിയാകും. രാവിലെ എട്ട് മുതല്‍ രാത്രി 10 വരെ തുടര്‍ച്ചയായി ഇനി പാര്‍ക്കിങ് ഫീസ് നല്‍കേണ്ടിവരും. ഉച്ചക്ക് ഒന്ന് മുതല്‍ നാലുവരെയുള്ള ഇടവേള എടുത്തുകളഞ്ഞു. ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങളിലെ ഫീസ് മണിക്കൂറിന് മൂന്നില്‍ നിന്ന് അഞ്ചായി വര്‍ധിപ്പിച്ചു.
രണ്ട് കാറ്റഗറികളിലായി എ, ബി, സി, ഡി, ഇ, എഫ്, ജി പാര്‍ക്കിങ് സോണുകളാണ് ഇനിയുണ്ടാവുക.
കാറ്റഗറി ഒന്നില്‍ റോഡരികിലെ പാര്‍ക്കിങ് എ സോണിലും പാര്‍ക്കിങ് ലോട്ടുകള്‍ ബി സോണിലും പെടും.കാറ്റഗറി രണ്ടില്‍ റോഡരികിലെ പാര്‍ക്കിങ് സി സോണിലും പാര്‍ക്കിങ് ലോട്ടുകള്‍ ഡി സോണിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേര ഫിഷ് മാര്‍ക്കറ്റ് ഇ സോണും ടീകോം പ്രദേശം എഫ് സോണുമായിരിക്കും. ബുര്‍ജ് ഖലീഫക്ക് സമീപം മുഹമ്മദ് ബിന്‍ റാശിദ് ബുലവാര്‍ഡ് ജി സോണും.
ദേരയിലെയും ബര്‍ദുബൈയിലെയും തിരക്കേറിയ സ്ഥലങ്ങളും ദുബൈ മറീനയുടെ ചില ഭാഗങ്ങളുമാണ് കാറ്റഗറി ഒന്നില്‍ വരുന്നത്.
ഇവിടെ പാര്‍ക്കിങിന് ഇനി ഇരട്ടി പണം നല്‍കണം. എ സോണില്‍ രാവിലെ എട്ട് മുതല്‍ രാത്രി 10 വരെ അര മണിക്കൂറിന് രണ്ട് ദിര്‍ഹവും ഒരുമണിക്കൂറിന് നാല് ദിര്‍ഹവുമായിരിക്കും നിരക്ക്. രണ്ട് മണിക്കൂറിന് എട്ട്, മൂന്ന് മണിക്കൂറിന് 12, നാല് മണിക്കൂറിന് 16 എന്നിങ്ങനെയും നല്‍കണം.
ബി സോണില്‍ ഒരു മണിക്കൂറിന് മൂന്ന്, രണ്ട് മണിക്കൂറിന് ആറ്, മൂന്ന് മണിക്കൂറിന് ഒമ്പത്, നാല് മണിക്കൂറിന് 12, അഞ്ച് മണിക്കൂറിന് 15, 24 മണിക്കൂറിന് 20. സി സോണില്‍ മണിക്കൂറിന് രണ്ട്, രണ്ട് മണിക്കൂറിന് അഞ്ച്, മൂന്ന് മണിക്കൂറിന് എട്ട്, നാല് മണിക്കൂറിന് 11. ഡി സോണില്‍ യഥാക്രമം രണ്ട്, നാല്, അഞ്ച്, ഏഴ്. 24 മണിക്കൂറിന് 10 ദിര്‍ഹം. ഇ സോണില്‍ നാല്, എട്ട്, 12, 16. എഫ് സോണില്‍ രണ്ട്, അഞ്ച്, എട്ട്, 11. ജി സോണില്‍ നാല്, എട്ട്, 12, 16 എന്നിങ്ങനെയാണ് നിരക്ക്. ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ മണിക്കൂറിന് അഞ്ച് ദിര്‍ഹവും. ഭിന്നശേഷിക്കാര്‍, രോഗികള്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്കായി 11 തരം പാര്‍ക്കിങ് പെര്‍മിറ്റുകളും പുറത്തിറക്കിയിട്ടുണ്ട്.