പതിനെട്ടുകാരിയെ പെണ്‍വാണിഭത്തിനായി ദുബൈയില്‍ കൊണ്ടുവന്ന് ചൂഷണം ചെയ്ത ബംഗ്ലാദേശ് പൗരന്‍ പിടിയില്‍. 44 വയസ്സുള്ള പ്രതിക്കെതിരെ മനുഷ്യക്കടത്തിനും കേസെടുത്തു. ബംഗ്ലദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ ഒരു ഫ്‌ളാറ്റില്‍ നിന്നാണ് ദുബൈ പൊലീസിന്റെ രഹസ്യസംഘം രക്ഷിച്ചത്. പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കുകയും ചൈനീസ് യുവതിയുമായി ചേര്‍ന്ന് ഫ്‌ളാറ്റില്‍ പെണ്‍വാണിഭം നടത്തുകയുമായിരുന്നുവെന്നാണ് ആരോപണം. ഇവിടെ എത്തുന്ന പുരുഷന്‍മാരില്‍ നിന്നും 100 ദിര്‍ഹം വാങ്ങിയാണ് ഇടപാട് നടത്തിയിരുന്നത്. അല്‍ ഖ്വായിസിലെ ഈ മേഖലയില്‍ ദുബൈ പൊലീസിന്റെ രഹസ്യ സംഘം സെപ്തംബര്‍ 23നാണ് റെയ്ഡ് നടത്തിയത്. പ്രോസിക്യൂഷന്റെ അന്വേഷണത്തിനിടെ തന്നെ ഫെബ്രുവരിയില്‍ വിസിറ്റിങ് വിസയിലാണ് നാട്ടില്‍ നിന്നും കൊണ്ടുവന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു.
‘പണത്തിന് അത്യാവശ്യം ഉള്ളതിനാലാണ് ജോലിക്കായി ഇങ്ങോട്ട് വന്നത്. എന്നാല്‍, പെണ്‍വാണിഭമായിരുന്നു ജോലി. തനിക്ക് 17 വയസ്സാണ് പ്രായമെന്ന് പ്രതിയോട് പറഞ്ഞിരുന്നു. പാസ്‌പോര്‍ട്ടിലെ വയസ്സ് തിരുത്തി 25 എന്നാക്കിയെന്നും’ പെണ്‍കുട്ടി പറഞ്ഞു.വിമാനത്താവളത്തില്‍ നിന്നും പെണ്‍കുട്ടിയെയും കൊണ്ട് പ്രതി ഫ്‌ളാറ്റിലേക്കാണ് പോയത്. അവിടെ വച്ച് പീഡനത്തിന് ഇരയാക്കി. ഇപ്പോള്‍ നീ ജോലി ചെയ്യാന്‍ തയാറായെന്നും ദിവസവും 4-5 പുരുഷന്‍മാര്‍ വരുമെന്നും അയാള്‍ പറഞ്ഞുവെന്ന് പെണ്‍കുട്ടി പറഞ്ഞു. 1500 ദിര്‍ഹം എല്ലാ മാസവും നാട്ടിലുള്ള മാതാവിന് അയച്ചുകൊടുക്കുമായിരുന്നു.
പ്രതി താനുമായി നിരന്തരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ഒരു പൊലീസ് ഉദ്യോഗസ്ഥനെ ആവശ്യക്കാരന്‍ എന്ന വ്യാജേന അവിടേക്ക് അയക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. 200 ദിര്‍ഹവുമായാണ് രഹസ്യ പൊലീസ് ഫ്‌ളാറ്റില്‍ എത്തിയത്. തനിക്ക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ് ആവശ്യമെന്നും ഇയാള്‍ പറഞ്ഞു. പണം നല്‍കിയ ശേഷം രഹസ്യപൊലീസിന് പെണ്‍കുട്ടിയെ കൈമാറി. ഈ സമയം മറ്റുള്ളവര്‍ക്ക് സിഗ്‌നല്‍ നല്‍കുകയും പെണ്‍കുട്ടിയെ രക്ഷിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മൂന്നു മുറികളാണ് ഫ്‌ളാറ്റിന് ഉണ്ടായിരുന്നത്. വാതിലിനു മേല്‍ ഒരു ചെറിയ ക്യാമറ സ്ഥാപിച്ചിരുന്നു. ഈ വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
തന്റെ ബന്ധുവില്‍ നിന്നാണ് ജോലിക്കാര്യം അറിഞ്ഞതെന്നും കുടുംബത്തെ സഹായിക്കാനാണ് ദുബൈയിലേക്ക് വന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. 18 വയസ്സുള്ള പെണ്‍കുട്ടി അല്‍ ഖ്വാസിസിലെ ഫ്‌ളാറ്റില്‍ ചൂഷണം നേരിടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് കോടതിയെ അറിയിച്ചുപ്രതിയായ വ്യക്തിയാണ് ദുബൈയിലേക്ക് പോകാന്‍ ആവശ്യമായ സഹായം ചെയ്തത്. പാസ്‌പോര്‍ട്ടിലെ വയസ്സ് തിരുത്തിയതും ഇയാള്‍ തന്നെയെന്ന് പൊലീസ് പറഞ്ഞു. മനുഷ്യക്കടത്ത്, പെണ്‍വാണിഭം, പീഡനം തുടങ്ങിയ കുറ്റങ്ങള്‍ പ്രതി കോടതിയില്‍ നിഷേധിച്ചു. കേസിന്റെ വാദം ഈമാസം 20ന് വീണ്ടും നടക്കും.