ദുബൈയില്‍ വിനോദസഞ്ചാരത്തിന് പുതിയ ചട്ടങ്ങള്‍ വരുന്നു

ബിജു കരുനാഗപ്പള്ളി 
 

ദുബൈ : വിനോദസഞ്ചാരത്തിനും ഡെസര്‍ട്ട് ക്യാമ്പുകള്‍ക്കും ദുബൈയില്‍ പുതിയ നിയമവ്യവസ്ഥ വരുന്നു. മരുഭൂമിയിലെ വിനോദസഞ്ചാര  പരിപാടികളുടെ നിലവാരം ഉറപ്പാക്കുകയാണ് ലക്ഷ്യം. മൂന്ന് മാസത്തിനകം പുതിയ ചട്ടങ്ങള്‍ നിലവില്‍ വരുമെന്ന് ദുബൈ ടൂറിസം അറിയിച്ചു.
മരുഭൂമിയില്‍ വിനോദസഞ്ചാര പരിപാടികള്‍ സംഘടിപ്പിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാരുടെ നിലവാരം ഉറപ്പാക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തും. ഇവര്‍ നടത്തുന്ന സാംസ്കാരിക പരിപാടികളുടെ നിലവാരവും പരിശോധിച്ച് ഉറപ്പ് വരുത്തും.
സന്ദര്‍ശകരുടെ അനുഭവങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചും യാത്രക്കാര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ ഏര്‍പ്പെടുത്തുന്ന സുരക്ഷാ സംവിധാനങ്ങള്‍, ഇന്‍ഷൂറന്‍സ് പരിരക്ഷ തുടങ്ങിയവയെല്ലാം പരിശോധിച്ചുമാണ് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക.
പുതിയ ചട്ടങ്ങളുടെ ഭാഗമായി ഡെസര്‍ട്ട് സഫാരി നടത്തുന്ന വാഹനങ്ങളില്‍ കുട്ടികള്‍ക്കായുള്ള സീറ്റ് നിര്‍ബന്ധമാക്കും. വാഹനത്തിന്‍െറ പരിശോധനാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. ഡ്രൈവര്‍മാര്‍ ആര്‍.ടി.എ ലൈസന്‍സുള്ളവരും ദുബൈ ടൂറിസത്തിന്‍െറ ടൂറിസ്റ്റ് ഗൈഡ് പരിശീലനം നേടിയവരുമായിരിക്കണം.
ദുബൈയിലത്തെുന്ന വിനോദസഞ്ചാരികളില്‍ 20 ശതമാനവും മരുഭൂ വിനോദസഞ്ചാരം കൂടി ആസ്വദിക്കാന്‍ എത്തുന്നവരാണ്. ഇവര്‍ക്ക് ലോകോത്തര നിലവാരവും സുരക്ഷയും ഉറപ്പുവരുത്തുകയാണ് പുതിയ നിയമത്തിന്‍െറ ലക്ഷ്യം.

Top