സ്വന്തം ലേഖകൻ
ഡബ്ലിൻ: മതിയായ അപേക്ഷകളില്ലാതെ വന്നതോടെ ഹോംലെസ് കുടുംബാംഗങ്ങൾക്കായി ഡബ്ലിൻ സിറ്റി കൗൺസിൽ പ്രഖ്യാപിച്ച 20 മില്ല്യൺ യൂറോയുടെ ഹോംലെസ് പദ്ധതി വേണ്ടെന്നു വച്ചു. ടെൻഡർ നടപാക്കിയ ശേഷമാണ് സർക്കാർ പദ്ധതി വേണ്ടെന്നു വയ്ക്കുന്നത്. വീട്ടിലാത്ത ആളുകൾക്കായി മോഡുലാർ വീടുകൾ നിർമിച്ചു നൽകുന്ന പദ്ധതിയായിരുന്നു ഡബ്ലിൻ സിറ്റി കൗൺസിൽ വിഭാവനം ചെയ്തിരുന്നത്.
റാപ്പിഡ് ബിൽഡ് എന്ന പേരിൽ കഴിഞ്ഞ ജൂണിലാണ് സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചിരുന്നത്. ഡബ്ലിൻ സിറ്റി കൗൺസിലിന്റെ കൈവശമുള്ള ഒഴിഞ്ഞ സ്ഥലം കണ്ടെത്തി ഇവിടെ കെട്ടിടം നിർമിക്കുന്നതിനായിരുന്നു പദ്ധതി. ഇത്തരത്തിൽ ഒഴിഞ്ഞ സ്ഥലത്ത് മോഡുലാർ രീതിയിൽ വീടുകൾ നിർമിക്കുന്നതിനു സർക്കാർ ഫണ്ടും പ്രത്യേകമായി അനുവദിച്ചിരുന്നു.
രാജ്യത്തെ അഞ്ചു പ്രധാന കേന്ദ്രങ്ങൾ കണ്ടെത്തി 153 മോഡുലാർ വീടുകൾ സ്ഥാപിക്കുന്നതിനായിരുന്നു പദ്ധതി തയ്യാറാക്കിയിരുന്നത്. ബല്ലിമെനിലെ ബോച്ചുലാർ ലൈനിലായിരുന്നു ആദ്യ വീട് സ്ഥാപിക്കുന്നതിനു പദ്ധതി തയ്യാറാക്കിയിരുന്നത്. തുടർന്നു ബാക്കിയുള്ള 131 വീടുകൾ ഫിൻഗ്ലാസിയിലും, ഡാറൻഡേലിലും, ചെറി ഓർച്ചാർഡ്‌സിലും, ഡ്രിമാൻഗിയിലും കഴിഞ്ഞ ഡിസംബറിലാണ് പുതിയ വീടുകൾ നിർമിക്കുന്നതിനുള്ള ടെൻഡറിൽ ഡബ്ലിൻ സിറ്റി കൗൺസിൽ ഒപ്പു വച്ചത്.