സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് വീടുകളും ഫഌറ്റുകളും വാങ്ങുന്നതിനു നിരക്ക് ഏറ്റവും കൂടുതൽ തലസ്ഥാന നഗരമായ ഡബ്ലിനിലെന്നു റിപ്പോർട്ടുകൾ. ഡബ്ലിനിൽ ഒരു വീട് വാങ്ങുന്ന നിരക്കിൽ ലോങ്‌ഫോർഡിൽ നാലു വീടുകൾ വാങ്ങാൻ സാധിക്കുമെന്ന റിപ്പോർട്ടാണ് ഇപ്പോൾ അധികൃതർ പുറത്തു വിട്ടിരിക്കുന്നത്.
കാവാനിലെ കണക്ക് അനുസരിച്ചാണെങ്കിൽ ഇവിടെ ഡബ്ലിനിലെ നിരക്കിൽ മൂന്നു വീടുകൾ വാങ്ങാൻ സാധിക്കും. അതുകൊണ്ടു തന്നെ ഡബ്ലിനിൽ വീടോ ഫഌറ്റോ വാങ്ങുക താഴ്ന്ന വരുമാനക്കാരായ ആളുകളെ സംബന്ധിച്ചു ഏറെ ശ്രമകരമായ ജോലിയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം ലോങ്‌ഫോർഡിൽ 79,000 യൂറോയാണ് വീടുകളുടെ ആവറേജ് വിൽപ്പന നിരക്ക്. പ്രോപ്പർട്ടി ട്രാൻസാക്ഷൻ സംബന്ധിച്ചുള്ള ലോങ്‌ഫോർഡിലെ റെക്കോർഡ് പരിശോധിച്ചപ്പോഴാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഡബ്ലിനിലെ കഴിഞ്ഞ വർഷത്തെ ആവറേജ് വിൽപന നിരക്കു പരിശോധക്കുമ്പോഴാണ് രണ്ടിടത്തെയും തമ്മിലുള്ള അന്തരത്തിന്റെ കൃത്യമായ കണക്കു വ്യക്തമാകുന്നത്. 356,000 യൂറോയാണ് ഡബ്ലിനിൽ കഴിഞ്ഞ വർഷം ആവറേജ് വീടുനിരക്കായി കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഡബ്ലിനിൽ 43,428 റസിഡൻഷ്യൽ പ്രോപ്പർട്ടി വിൽപനയാണ് രാജ്യത്ത് നടന്നതെന്നാണ് ആൻ പോസ്റ്റ് ജിയോ ഡയറക്ടറി ഡേറ്റാ ബേസിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് രാജ്യത്തെ നാഷണൽ ടേൺ ഓവറായ 2.2 പോയിന്റിനു ഒപ്പമാണെന്നും കണക്കുകളിൽ നിന്നു കൃത്യമായ സൂചന ലഭിക്കുന്നുണ്ട്. ഇത് പ്രോപ്പർട്ടി മാർക്കറ്റിന്റെ നോർമ്മൽ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും റിപ്പോർട്ടിൽ സൂചന ലഭിച്ചിട്ടുണ്ട്.