സ്വന്തം ലേഖകൻ
ഡബ്ലിൻ:ഐറിഷ് സമ്പദ് വ്യവസ്ഥ ഈ വർഷം കരുത്തോടെ വളർന്നെങ്കിലും 2017ൽ തകർച്ച നേരിട്ടേക്കാമെന്ന് പഠനം. ബ്രെക്‌സിറ്റ്, ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, പുതിയ യുഎസ് സാമ്പത്തിക നയങ്ങൾ എന്നിവയെല്ലാം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിന്നോട്ടിപ്പിക്കാനാണ് സാധ്യതയെന്ന് ഫ്രണ്ട്‌സ് ഫസ്റ്റ് നടത്തിയ പഠനത്തിൽ പറയുന്നു.
നിലവിലെ കണക്കുകൾ പ്രകാരം ഐറിഷ് സമ്പദ് വ്യവസ്ഥ ശക്തവും, വളർച്ച നേടുന്നതുമാണ്. എങ്കിലും സമ്മറോടെ റീട്ടെയ്ൽ രംഗം, കാർ വിപണി, യുകെയിലേയ്ക്കുള്ള കയറ്റുമതി, ടാക്‌സ് റവന്യൂ എന്നിവയിലെല്ലാം ശുഭകരമല്ലാത്ത മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. സ്റ്റെർലിങ്ങിന് മൂല്യമിടിഞ്ഞതാണ് കയറ്റുമതി മേഖലയിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത്. യുഎസിൽ ട്രംപിന്റെ വിജയവും സമ്പദ് വ്യവസ്ഥയ്ക്കുമേൽ കരിനിഴൽ വീഴ്ത്തുന്നു.
ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയനിൽ അയർലണ്ടിന് പ്രധാനമായും നഷ്ടം സംഭവിക്കുക കയറ്റുമതിയിലും, ടൂറിസത്തിലുമാകുമെന്ന് ഫ്രണ്ട്‌സ് ഫസ്റ്റിന്റെ ചീഫ് എക്കണോമിസ്റ്റ് ജിം പവർ പറയുന്നു. ക്രോസ് ബോർഡർ ഷോപ്പിങ്ങാകും ഇതിന്റെ ആദ്യ അടയാളങ്ങളിലൊന്ന്. പതിയെ യുകെ കമ്പനികൾ അയർലണ്ട് വിട്ടുപോകാനും സാധ്യതയുണ്ട്.
ഇതിനിടെ യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള പുറത്തേയ്ക്ക് പോക്ക് എത്രയും വേഗത്തിൽ യാഥാർത്ഥ്യമാക്കണമെന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയുടെ നിർദ്ദേശത്തിന് ഇന്നലെ എംപിമാരുടെ അംഗീകാരം ലഭിച്ചു. . ഇയു ആർട്ടിക്കിൾ 50 അനുസരിച്ച് അടുത്ത മാർച്ച് മാസത്തോടെ ഇതിനുള്ള നടപടികൾ ആരംഭിക്കണം എന്ന മെയുടെ പാർട്ടിയുടെ പ്രമേയം വോട്ടെടുപ്പിലൂടെ പാസായി. എങ്കിലും ബ്രെക്‌സിറ്റ് എത്തരത്തിലാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് എന്നതു സംബന്ധിച്ചുള്ള സമ്പൂർണ്ണ പദ്ധതി മെയ് പരസ്യപ്പെടുത്തണം.
യൂറോപ്യൻ യൂണിയന് പുറത്തെത്തുന്ന ബ്രിട്ടന്റെ ഭാവി എന്താകും എന്നതു സംബന്ധിച്ചുള്ള പദ്ധതികൾ സർക്കാർ വിശദീകരിക്കുമെന്നാണ് കരുതുന്നതെന്ന് വോട്ടെടുപ്പിനു ശേഷം ലേബർ പാർട്ടി എംപി ഹിലറി ബെൻ പറഞ്ഞു. മറ്റ് പ്രമുഖ പാർട്ടി നേതാക്കളും സർക്കാരിനെ പിന്തുണച്ചു.