
തോമസ് മാത്യു
ഫിലാഡൽഫിയ: സാഹോദര്യ സ്‌നേഹത്തിന്റെ പട്ടണമായ ഫിലഡൽഫിയായിൽ സെപ്റ്റംബർ 17 നു ശനിയാഴ്ച എക്യുമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ ചർച്ചസിന്റെ ആഭിമുഖ്യത്തിൽ ഭവനരഹിതരുടെ പുനരധിവാസത്തിനായി സംഘടിപ്പിക്കുന്ന കൂട്ടയോട്ടത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ റവ.ഫാ.ഷിബു വി.മത്തായി, സെക്രട്ടറി മാത്യു ശാമുവേൽ ഫൈവ് കെ കോഓർഡിനേറ്റർ ബെന്നി കൊട്ടാരത്തിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
5000 ഡോളർ ഇതിനോടകം ശേഖരിക്കുവാൻ സാധിച്ചതായി ധനസമാഗമന കൺവീനർ അറ്റോർണി ജോസ് കുന്നേൽ, രജിസ്‌ട്രേഷൻ കൺവീനർ സ്മിതാ മാത്യു, എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം ഫിലഡൽഫിയായിൽ ഉള്ള ഭവനരഹിതരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന സംഘടനകളിൽ കൂടി എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ മേൽനോട്ടത്തിൽ വിനിയോഗിക്കുന്നതിനും തീരുമാനിച്ചിരിക്കുന്നതായി റവ.ഫാ.എം.കെ കുര്യാക്കോസ് അറിയിച്ചു. കുര്യാക്കോസ് അച്ചന്റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് ധനവിനിയോഗം സംബന്ധിച്ച പഠനം നടത്തി കമ്മിറ്റിയിൽ അവതരിപ്പിച്ച് കമ്മിറ്റിയുടെ അംഗീകാരം വാങ്ങിയിരിക്കുന്നത്. അച്ചൻ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഓർത്തഡോക്‌സ് സഭയുടെ ഡയോസിഷൻ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.
ഒരു ഇന്ത്യൻ കമ്മ്യൂണിറ്റിആദ്യമായാണ് ഇങ്ങനെ ഒരു കൂട്ടയോട്ടം സംഘടിപ്പിച്ച് ഫണ്ട് സ്വരൂപിച്ച് തദ്ദേശികളായ ആളുകളുടെ പുനരധിവാസത്തിനായി ഉപയോഗിക്കാൻ ശ്രമിക്കുന്നത്. പല നഗരങ്ങളിൽ നിന്നും ഇതുപോലെ കൂട്ടയോട്ടം സംഘടിപ്പിക്കുന്നതിന്റെ സാധ്യതകൾ ആരായുന്നതായി ബെന്നി കൊട്ടാരത്തിലിനെ സമീപി്ച്ചതായി അദ്ദേഹം അറിയിച്ചു. ഇത് ഫിലഡൽഫിയായിലെ ഇൻഡ്യൻ കമ്മ്യൂണിറ്റിയുടെ ഒരു സ്വന്തം പ്രോഗ്രാം ആക്കി മാറ്റിയതായും ജനങ്ങളിൽ നിന്നു നല്ല പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു.
ഫിലഡൽഫിയ, എൻക്വയർ, മെട്രോ എന്നീ പത്രങ്ങളും എൻബിസി, എബിസി, ഫോക്‌സ് 29 മുതലായ ചാനലുകളും തങ്ങളുടെ ക്ഷണം സ്വീകരിച്ചു അന്നേ ദിവസം പാർക്കിലെത്തി പ്രോഗ്രാം തത്സമയം സപ്രേക്ഷണം ചെയ്യുന്നതാണെന്നു സെക്രട്ടറി മാത്യു ശാമുവേൽ, പിആർഒ സന്തോഷ് എബ്രഹാം എന്നിവർ അറിയിച്ചു.