ഇ-ഗേറ്റുകളില്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കാം

യു.എ.ഇയിലെ താമസക്കാര്‍ക്കുള്ള ഒൗദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് എമിഗ്രേഷന്‍ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ ദുബൈ വിമാനത്താവളത്തില്‍ സൗകര്യം ഏര്‍പ്പെടുത്തി.
വിമാനത്താവളം ടെര്‍മിനല്‍ മൂന്നിലെ ആഗമന വിഭാഗം ഇ- ഗേറ്റുകളില്‍ ഇനി എമിറേറ്റ്സ് ഐ.ഡി കാര്‍ഡ് ഉപയോഗിക്കാമെന്ന് ദുബൈ താമസ- കുടിയേറ്റ വകുപ്പ് അറിയിച്ചു. എമിഗ്രേഷന്‍ നടപടികള്‍ മിനിറ്റുകള്‍ക്കകം പൂര്‍ത്തിയാക്കി പുറത്തിറങ്ങാന്‍ കഴിയുന്ന സംവിധാനമാണ് ഇ- ഗേറ്റ്. ഇതുവരെ പാസ്പോര്‍ട്ട് സ്കാന്‍ ചെയ്ത് പുറത്തിറങ്ങാനുള്ള സൗകര്യമാണ് ഇ- ഗേറ്റില്‍ ഒരുക്കിയിരുന്നത്. ദുബൈ എമിഗ്രേഷന്‍ വകുപ്പും എമിറേറ്റ്സ് ഐഡന്‍റിറ്റി അതോറിറ്റിയും സംയുക്തമായാണ് പുതിയ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സ്വദേശികള്‍ക്കും താമസ വിസയുള്ള വിദേശികള്‍ക്കും സംവിധാനം ഉപയോഗപ്പെടുത്താം. ഇതിന് പ്രത്യേക ഫീസൊന്നും നല്‍കേണ്ടതില്ല. എമിറേറ്റ്സ് ഐ.ഡി പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ട കാര്യവുമില്ളെന്ന് ദുബൈ താമസ- കുടിയേറ്റ വകുപ്പ് ഉപമേധാവി മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു.
യാത്രക്കാര്‍ക്ക് ഏറ്റവും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നതിന് സൗകര്യമൊരുക്കാനാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്. വിമാനം ഇറങ്ങി വരുന്ന യാത്രക്കാര്‍ ഇ- ഗേറ്റിന് സമീപമത്തെി എമിറേറ്റ്സ് ഐ.ഡി സ്കാന്‍ ചെയ്താല്‍ മിനിറ്റുകള്‍ക്കകം എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കവാടം തുറക്കും.
എമിഗ്രേഷന്‍ കൗണ്ടറിന് മുന്നില്‍ ദീര്‍ഘനേരം വരി നില്‍ക്കേണ്ട അവസ്ഥ ഇതോടെ ഒഴിവാകും.  നിലവില്‍ ടെര്‍മിനല്‍ മൂന്നിലെ ആഗമന വിഭാഗത്തില്‍ 28 ഇ-ഗേറ്റുകളാണുള്ളത്.
ക്രമേണ ടെര്‍മിനല്‍ ഒന്നിലേക്കും രണ്ടിലേക്കും പുറപ്പെടല്‍ വിഭാഗത്തിലേക്കും വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി താമസ- കുടിയേറ്റ വകുപ്പ് വിമാനത്താവളകാര്യ അസി. ഡയറക്ടര്‍ ജനറല്‍ ലഫ്. കേണല്‍ തലാല്‍ അല്‍ ശന്‍ഖീതി പറഞ്ഞു.

Top