അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: രാജ്യത്തെ തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾക്കു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഫിയന്നാ ഫാളിന്റെ മുന്നേറ്റത്തെ ആശങ്കയോടെ രാഷ്ട്രീയ പാർട്ടികൾ നോക്കി കാണുന്നു. മൈക്കിൾ മാർട്ടിൻ എന്ന നേതാവിന്റെ ഒറ്റയാളുടെ കരുത്തിലാണ് ഇപ്പോൾ അയർലൻഡിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണങ്ങളുടെയെല്ലാം മുനയൊടിച്ച്് ഫിയന്നാ ഫാൾ കുതിക്കുന്നത്. പ്രചരണം പാതിവഴി പിന്നിടുമ്പോൾ ഫിയനാ ഫാളിന്റെ മുന്നേറ്റത്തിനു തടയിടാൻ ഭരണ കക്ഷികൾ സർവ്വസന്നാഹവുമായി മുന്നോട്ട് കുതിക്കുമ്പോഴാണ് രാജ്യത്തെ തിരഞ്ഞെടുപ്പു പ്രചാരണം സർവ ശക്തിയും ഉപയോഗിച്ചു മുന്നോട്ടു പോകുന്നത്.
ഭരണ കക്ഷികളായ ഫിനഗേലും ,ലേബർ പാർട്ടിയും ചേർന്നാലും കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന പൊതുധാരണ നില നിൽക്കവേ മൈക്കിൽ മാർട്ടിൻ എന്ന ഒരൊറ്റ നേതാവിന്റെ കരുത്തിൽ ഫിയനാ ഫാൾ മുന്നേറുന്ന കാഴ്ച്ചയാണ് മിക്ക മണ്ഡലങ്ങളിലും ദൃശ്യമാവുന്നത്.
എങ്കിലും ഫിയാന ഫാളിനും സർക്കാർ ഉണ്ടാക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ നിലവിലുള്ള ഭരണസഖ്യം സ്വതന്ത്രരുടെയും,ലുസിണ്ട ക്രിഗ്ടന്റെ റെനുവ പാർട്ടിയുടെയും,സോഷ്യൽ ഡെമോക്രാറ്റുകളുടെയും പിന്തുണ നേടി അധികാരത്തിൽ തുടരും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.മുൻ പ്രധാനമന്ത്രിയും ഫിയാന ഫാളിന്റെ നേതാവുമായ ബെർട്ടി അഹൻ പോലും അത്തരമൊരു സാധ്യതയ്ക്കാണ് സാഹചര്യം ഒരുങ്ങുന്നത് എന്ന് വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രമുഖ നേതാക്കളെ പങ്കെടുപ്പിച്ച് കഴിഞ്ഞ ദിവസം നടന്ന ആദ്യ ഡിബേറ്റിൽ മൈക്കിൽ മാർട്ടിൻ മറ്റു നേതാക്കളെ നിഷ്പ്രഭരാക്കി മുന്നേറിയത് ഫിയനാ ഫാളിന് കരുത്തേകി.അതെ സമയം പ്രധാനമന്ത്രി എൻഡ കെന്നി സ്വന്തം പാർട്ടിക്കാരെ പോലും നിരാശരാക്കുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്.ഷിൻ ഫിൻ ലീഡർ ജെറി ആഡമാവട്ടെ ദേശീയമായ കാഴ്ച്ച്പാടുകൾ പോലും ഇല്ലാതെയാണ് ഡിബേറ്റിൽ ഉടനീളം പങ്കെടുത്തത്.
ക്രിയാത്മക നിർദേശങ്ങളുമായി മുന്നോട്ടു വന്നപ്പോഴൊക്കെ മൈക്കിൽ മാർട്ടിന് എതിരെ എൻട കെന്നിയും ജെറി ആഡമും ശബ്ദമുയർത്തിയത് മാർട്ടിന് പിന്തുണ കൂടാൻ കാരണമായി.
അടുത്ത ദിവസങ്ങളിൽ മാർട്ടിന്റെ പ്രതിശ്ചായ ഇടിയ്ക്കാനുള്ള തന്ത്രങ്ങളാവും ഫിനഗേലും ലേബറും സ്വീകരിക്കുക.അങ്ങനെ ചെയ്തില്ലെങ്കിൽ കേവല ഭൂരിപക്ഷത്തിന് അടുത്തെത്താൻ പോലുമുള്ള പിന്തുണ ഭരണ കക്ഷിയ്ക്ക് ലഭിക്കില്ലെന്ന് അവർക്കറിയാം.പക്ഷെ അയർലണ്ടിലെ പ്രബുദ്ധരായ വോട്ടർമാരുടെ മനസ് വായിക്കാൻ ആർക്കുമായിട്ടില്ല.രാഷ്ട്രീയ പാർട്ടികളെ അവർ വെറുത്തുകഴിഞ്ഞു എന്ന സൂചനയാണ് കൂടുതൽ മണ്ഡലങ്ങളിലും സ്വതന്ത്ര സ്ഥാനാർഥികൾക്കുണ്ടാകുന്ന മുന്നേറ്റം.തിടഞ്ഞെടുപ്പിനു ശേഷം സ്വതന്ത്രരാവും രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നത് എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.