അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: തിരഞ്ഞെടുപ്പിനു ശേഷം ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളെല്ലാം സമ്പൂർണമായി പരാജയപ്പെട്ടതായി സൂചന. നിലവിൽ രണ്ടു ചേരികളിൽ നിൽക്കുന്ന ഫൈൻ ഗായേലും, ഫിന്നാ ഫെയിലും തമ്മിൽ രാഷ്ട്രീയമായി ഇരുധ്രുവങ്ങളിൽ തന്നെ തുടരുന്നതാണ് സഖ്യസാധ്യതളെല്ലാം തള്ളിക്കളയുന്നത്. ഇരുപാർട്ടികളും, സ്വതന്ത്രർ അടക്കമുള്ളവരും വിട്ടുവീഴ്ചയ്ക്കുള്ള സാധ്യതകളെല്ലാം തള്ളിക്കളയുന്നതോടെ രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേയ്‌ക്കെന്ന സൂചനകളാണ് ലഭിക്കുന്നത്.
ഫിന്നാ ഫെയിലിന്റെ നേതൃത്വത്തിൽ ന്യൂനപക്ഷ സർക്കാർ ഉണ്ടാക്കാനുള്ള ശ്രമത്തെ ഫൈൻ ഗായേൽ പിന്തുണയ്ക്കില്ലെന്ന് ഫൈൻ ഗായേൽ നേതാവും കാവൽ പ്രധാനമന്ത്രിയുമായ എൻഡ കെന്നി. രാജ്യത്തെ ഏറ്റവും വലിയ പാർട്ടി എന്ന നിലയ്ക്ക് ഫൈൻ ഗായേലിനു മന്തിസഭ രൂപീകരിക്കാൻ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിന്നാ ഫെയിൽ നേതാവ് മൈക്കൽ മാർട്ടിനുമായി ബുധനാഴ്ച ചർച്ച നടത്തും എന്നു പറഞ്ഞ കെന്നി, തങ്ങൾ സ്വതന്ത്രരുമായും മറ്റ് ചെറു പാർട്ടികളുമായും കഴിഞ്ഞ അഞ്ചു ദിവസമായി യോജിപ്പിലെത്താൻ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി. മാർട്ടിനുമായി വ്യാഴാഴ്ച രാത്രി കെന്നി ഫോണിൽ ബന്ധപ്പെട്ടിരുന്നതായുള്ള സൂചനകളും ലഭിക്കുന്നുണ്ട്. സ്വതന്ത്രരുമായുള്ള ചർച്ച അവസാനിച്ച ശേഷം മാത്രമേ തങ്ങളുമായി ചർച്ചയാകാവൂ എന്ന് മാർട്ടിൻ കെന്നിയോട് പറഞ്ഞതായും അറിയുന്നു. ഏകപക്ഷീയമായി ഫൈൻ ഗായേലിനെ പിന്തുണയ്ക്കാൻ മൈക്കിൽ മാർട്ടിനും ഫിന്നാ ഫെയിലും തയാറാവില്ലെന്ന് ഇപ്പോൾ ലഭിക്കുന്ന സൂചന.അതുകൊണ്ട് തന്നെ രാജ്യം തിരഞ്ഞെടുപ്പിലേയ്ക്ക് വീണ്ടും നീങ്ങുന്നു എന്ന സൂചനകളാണ് ഇപ്പോഴുള്ളത്