അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: രാജ്യത്തെ തിരഞ്ഞെടുപ്പു ചിത്രം എക്‌സിറ്റ് പോളിന്റെ ഫലങ്ങൾ പോലെ തന്നെ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ അവസാനിച്ചു. ഫിന്നാ ഫെയിൽ ശക്തമായ തിരിച്ചു വരവു നടത്തിയപ്പോൾ സിന്നാ ഫെയിനാവും ഭരണത്തിൽ ആരു വരണമെന്നു നിശ്ചയിക്കുന്ന നിർണായക ശക്തിയാകുന്നത്. പ്രമുഖ രാഷ്ട്രീയകക്ഷികളിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടതും ലേബർ പാർട്ടിക്കാണ്.
ഏറ്റവും വലിയ ഒറ്റകക്ഷിയായി ഫൈൻ ഗായേൽ തന്നെ അധികാരത്തിൽ തുടർന്നേക്കുമെന്നാണ് നിരീക്ഷകർ ഏറ്റവും ഒടുവിൽ പറയുന്നത്. ഏറ്റവും അവസാനം ലഭ്യമായ കണക്കുകൾ അനുസരിച്ച് 148സീറ്റുകളിലെ ഫലം അറിഞ്ഞപ്പോൾ 47 ഫൈൻഗായേൽ സ്ഥാനാർഥികളും 43 ഫിന്നാ ഫെയിൽ സ്ഥാനാർഥികളും ഡയലിലെയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അവസാന കക്ഷിനില:
ഫൈൻ ഗായേൽ 47
ഫിന്നാ ഫെയിൽ – 43
സിയന്നാ ഫെയിൻ – 22
സ്വതന്ത്രർ – 10
ലേബർ പാർട്ടി – ആറ്
എഎപി – പിബിഎസ് – അഞ്ച്
സോഷ്യൽ ഡമോക്രാറ്റ് – മൂന്ന്
ഗ്രീൻ പാർട്ടി – രണ്ട്
കഴിഞ്ഞ ഭരണകാലത്തെ സാമ്പത്തിക തകർച്ചയുടെ പേരിൽ അഞ്ചു വർഷക്കാലത്തോളം ഫിന്നാ ഫെയിൽ പാർട്ടിയുടെ പ്രവർത്തകരെ ശബ്ദിക്കാൻ പോലും അനുവദിക്കാതെ കുറ്റാരോപണം നടത്തിക്കൊണ്ടിരുന്ന ഭരണകക്ഷിയുടെ തന്ത്രങ്ങളെ ജനങ്ങൾ മുഖവിലയ്‌ക്കെടുത്തില്ലയെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നത്. അയർലണ്ടിന്റെ ജനാധിപത്യ സംവിധാനത്തിൽ ഏറ്റവും അധികം ഭരണം നടത്തിയിട്ടുള്ളത് ഫിന്നാ ഫെയിലാണ്.വികസനത്തിന്റെ വെള്ളിവെളിച്ചങ്ങൾക്കപ്പുറം ഐറിഷ് ജനതയെ മൂല്യധിഷ്ടിത സംവിധാനത്തിൽ തുടരാൻ എക്കാലത്തും അവർ കൂട്ടുനിന്നു എന്നത് അവർക്ക് തുണയായി. അഞ്ചു വർഷത്തിന് ശേഷവും അവരെ ഒറ്റയ്ക്ക് ഭരണത്തിലേറ്റാൻ ഐറിഷ് ജനത തയാറല്ല എന്നതിന്റെ സൂചനകളാണ് ഫൈൻ ഗായേലിനു ജയം നൽകാൻ ഐറിഷ് ജനത തീരുമാനിച്ചത്.158 അംഗ സഭയിൽ 79 അംഗങ്ങളുടെ കേവല ഭൂരിപക്ഷം സംഘടിപ്പിക്കാൻ മറ്റൊരു കൂട്ട്‌കെട്ടിനും സാധിക്കില്ലെന്നും പറയപ്പെടുന്നു. ബദ്ധ ശത്രുക്കളായ സിന്നാ ഫെയിനുമായി ഫൈൻ ഗായേലിനു സഖ്യമുണ്ടാക്കാനാവില്ല.
എന്നാൽ ഫിന്നാ ഫെയിനു പിന്തുണ നൽകാനുള്ള വിദൂര സാധ്യത് സിന്നാ ഫെയിനു ഇപ്പോഴും ഉണ്ടുതാനും.സ്വതന്ത്രരുടെയും ചെറു കക്ഷികളുടെയും പിന്തുണ കൂടി ഉണ്ടെങ്കിലെ അത്തരമൊരു സഖ്യത്തിന് സാധ്യതയുള്ളൂ എന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയ അനിശ്ചിതയും ഭരണഘടനാ പ്രതിസന്ധിയും ഒഴിവാക്കാൻ ഏതു സർക്കാർ വന്നാലും ഫിന്നാ ഫെയിൻ അതിൽ ഉൾപ്പെട്ടെ തീരു എന്ന അവസ്ഥയിലേയ്ക്കാണ് ഐറിഷ് രാഷ്ട്രീയം നീങ്ങുന്നത്.