സ്വന്തം ലേഖകൻ
ദുബൈ: കേരളത്തിന്റെ പൊതുവികാരത്തിനനുസരിച്ചുള്ള തെരഞ്ഞെടുപ്പ് ഫലമാണ് പുറത്ത് വന്നിരിക്കുന്നതെന്നും ആ പൊതുവികാരത്തിനനുസരിച്ചാണ് സുന്നികളും നിലകൊണ്ടതെന്നും അഖിലേന്ത്യ സുന്നി ജംഇയ്യുൽ ഉലമ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ. മണ്ണാർക്കാട്ടൊഴിച്ച് തങ്ങൾ പിന്തുണച്ച സ്ഥാനാർഥികളെല്ലാം വിജയിച്ചതായി അദ്ദേഹം ദുബൈയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുസ് ലിം ലീഗ് ഉൾപ്പെടെ പ്രത്യേകമായി ഒരു വിഭാഗത്തിനെതിരെയും ഈ തെരഞ്ഞെടുപ്പിൽ നിലപാട് എടുത്തിട്ടില്ല. ചില വ്യക്തികൾക്കെതിരെ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ആ നിലപാട് അണികൾക്ക് സംഘടനാ ചാനലിലൂടെ എത്തിച്ചുകൊടുത്തിട്ടുണ്ട്. അതിൽ മണ്ണാർക്കാട് മാത്രമാണ് പരാജയപ്പെട്ടത്. കുന്ദമംഗലം,കൊടുവള്ളി,തിരുവമ്പാടി,ബാലുശ്ശേരി തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം തങ്ങൾ പിന്തുണച്ചവരാണ് വിജയിച്ചത്.
മർകസിലെ പൂർവ വിദ്യാർഥി മണ്ണാർക്കാട്ട് കൊല്ലപ്പെട്ട സംഭവത്തിൽ അതിന് കൂട്ടുനിന്നയാളെ തോൽപ്പിക്കണമെന്ന് മർകസ് പൂർവവിദ്യാർഥി സമ്മേളനത്തിലാണ് ഞാൻ അഭിപ്രായപ്പെട്ടത്. അല്ലാതെ അത് പ്രഖ്യാപനമായോ പ്രസ്താവനയായോ പറഞ്ഞിട്ടില്ല. ആ യോഗത്തിന്റെ വികാരം തന്നെ വേദനിപ്പിച്ചപ്പോഴാണ് കൊലപാതക രാഷ്ട്രീയത്തെ പിന്തുണക്കുന്നവരെ പരാജയപ്പെടുത്തണമെന്ന് പറഞ്ഞത്. എന്നാൽ അദ്ദഹേം ജയിച്ചു. എന്നാൽ മണ്ണാർക്കാട്ടെ ബി.ജെ.പി വോട്ട് എങ്ങോട്ടാണ് പോയതെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കാന്തപുരം കൂട്ടിച്ചേർത്തു.
ബി.ജെ.പി അക്കൗണ്ട് തുറന്നത് മതേതര വോട്ടുകൾ ഭിന്നിച്ചതുകൊണ്ടാണ്. മുസ്ലിംവോട്ട് ലക്ഷ്യമാക്കിയുള്ള ചെറിയ കക്ഷികളും അതിന് കാരണമായിരിക്കാമെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദഹേം പറഞ്ഞു. അതുകൊണ്ട്? അടുത്ത തെരഞ്ഞെടുപ്പിൽ മുസ് ലിംകളെല്ലാം ഒറ്റ കക്ഷിയായി നിൽക്കണമെന്നും നിങ്ങൾ നിർബന്ധിച്ചാൽ താൻ മുന്നിൽ നിൽക്കാമെന്നും അദ്ദഹേം ചിരിച്ചുകൊണ്ടു പറഞ്ഞു. കേരളത്തിൽ ചില ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് വിശേഷിച്ച് സുന്നി വിഭാഗത്തിന് ചില കയ്‌പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പുതിയ സർക്കാർ ഇക്കാര്യത്തിൽ നിഷ്പക്ഷവും നീതിയുക്തവുമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിന്റെ വികസന കാര്യത്തിൽ അതിവേഗ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. തൊഴിലില്ലായ്മയും ദാരിദ്ര്യവും ഇല്ലാതാക്കാൻ ജന പങ്കാളിത്തത്തോട് കൂടിയുള്ള വികസന അജണ്ടയാണ് നടപ്പാക്കേണ്ടത്. കേവലം റോഡുകളും പാലങ്ങളും മാത്രമല്ല വികസനം. നഗരത്തിനും ഗ്രാമത്തിനും ഒരേപോലെ സൗകര്യങ്ങൾ ലഭ്യമാകുന്ന, തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുന്ന വികസനമാണ് അഭികാമ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള നിയമ നൂലാമാലകൾ ഇല്ലാതാക്കണം. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ ഉന്നത പഠനത്തിന് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. ഇത് പരിഹരിക്കാൻ നടപടികൾ ഉണ്ടാവണം.
പ്രവാസികളുടെ പ്രശ്‌ന പരിഹാരത്തിനുള്ള മാർഗങ്ങൾ തേടേണ്ടതുണ്ട്. പുതിയ മുഖ്യമന്ത്രിയും മന്ത്രിമാരും കേരളീയർ ധാരാളമുള്ള ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുകയും മലയാളികളോട് സംവദിക്കുകയും വേണം. കേരളത്തിൽ സമ്പൂർണ മദ്യനിരോധനം ഏർപെടുത്തുന്നതിന് ഭരണകൂടം മുൻകൈയെടുക്കണം. കേരളത്തിൽ അറബിക് സർവകലാശാല തുടങ്ങുന്നതിനുള്ള തീരുമാനം നടപ്പിലാക്കണം. സ്ത്രീസുരക്ഷക്കായി കർമ പദ്ധതികളും നടപടികളും ഉണ്ടാവേണ്ടതുണ്ടെന്നും സ്ത്രീകൾക്കുനേരെ സമീപകാലത്തായി വർധിച്ചുവരുന്ന അതിക്രമങ്ങൾ ആശങ്കാജനകമാണെന്നും കാന്തപുരം പറഞ്ഞു.