അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: രാജ്യത്തെ ഭരണസ്ഥിരതയും ഭരണത്തുടർച്ചയും ഉറപ്പാക്കുന്നതിനായി ഫൈൻഗായലിനെയും ലേബർ പാർട്ടിയെയും വീണ്ടും അധികാരത്തിൽ തിരികെ എത്തിക്കണമെന്ന അഭ്യർഥനയുമായി പ്രധാനമന്ത്രി എൻഡാകെനി രംഗത്ത്. രാഷ്ട്രീയ സ്ഥിരതയും ഭരണസ്ഥിരതയും ഉറപ്പാക്കുന്നതിനായി വീണ്ടും തങ്ങളെ അധികാരത്തിൽ എത്തിക്കണമെന്ന അഭ്യർഥനയാണ് ഇപ്പോൾ എൻഡാകെനി നടത്തിയിരിക്കുന്നത്.
എന്നാൽ, രാഷ്ട്രീയത്തിൽ ഭയവും അഴുക്കും പുരട്ടാനുള്ള ശ്രമമാണ് ഇപ്പോൾ ലേബറും ഫൈൻഗായലും നടത്തുന്നതെന്ന ആരോപണവുമായി ഫിന്നാഫെയൽ ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്. ഇതേ ആരോപണവുമായി ഫിന്നാ ഫെയിൽ വ്യക്താവ് ബാറി ക്രൗണാണ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയത്. നിലവിൽ തിരഞ്ഞെടുപ്പു രംഗത്തുള്ള ലേബറിനും ഫൈൻഗായലും മാത്രമാണ് മുന്നണിയായി ഭരണം നടത്തി മികച്ച ട്രാക്ക് റെക്കോർഡും വിശ്വാസ്യതയുമുള്ളതെന്നും കെനി പറയുന്നു.
സാമ്പത്തിക പ്രതിസന്ധിക്കു ശേഷമമുള്ള കാലത്ത് സർക്കാരിനെ പിടിച്ചു നിർത്തിയത് തങ്ങളാണെന്നും ഇത്തരത്തിൽ പ്രതിസന്ധി കാലഘട്ടത്തിൽ സർക്കാരിന്റെ പ്രശ്നങ്ങളെല്ലാം ജനങ്ങൾക്ക് അറിയാമെന്നും, ഇതെങ്ങനെയാണ് മറികടന്നതെന്നു ജനങ്ങൾക്കു വ്യക്തമായ ബോധ്യമുണ്ടെന്നും എൻഡാകെനി മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചു വർഷം വ്യക്തമായ മാൻഡേറ്റോടു കൂടി പ്രശ്നങ്ങളൊന്നുമില്ലാതെയാണ് മുന്നണി സർക്കാർ ഭരിച്ചത്. ഇത് തന്നെ ലേബറിന്റെയും ഫൈൻഗായലിന്റെയും ഭരണം നിലനിർത്തുന്നതിനുള്ള സാധ്യതകളെ മുന്നോട്ടു നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.