എമിറേറ്റ്‌സ് വിമാന അപകടം: ചതിച്ചത് കാറ്റെന്നു റിപ്പോർട്ട്

സ്വന്തം ലേഖകൻ

ദുബൈ: ആഗസ്റ്റ് മൂന്നിന് ദുബൈ വിമാനത്താവളത്തിലുണ്ടായ എമിറേറ്റ്‌സ് വിമാനാപകടത്തെക്കുറിച്ച് അന്വേഷിച്ച യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നു. വിമാനം റൺവേയിൽ ഇറങ്ങാൻ ശ്രമിക്കുമ്പോൾ കാറ്റിന്റെ പെട്ടെന്നുള്ള ഗതിമാറ്റം ഉണ്ടായതായും അവസാന നിമിഷം പൈലറ്റ് ലാൻഡിങ് ഒഴിവാക്കാൻ ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപകടത്തിന്റെ യഥാർഥ കാരണം എന്താണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നില്ല. അന്തിമ അന്വേഷണ റിപ്പോർട്ടിൽ മാത്രമേ ഇത് വെളിപ്പെടുത്തൂ. അവസാന റിപ്പോർട്ട് പുറത്തുവരാൻ മൂന്നു മുതൽ അഞ്ചു മാസം വരെ സമയമെടുക്കുമെന്ന് അതോറിറ്റി നേരത്തേ അറിയിച്ചിരുന്നു. എമിറേറ്റ്‌സിന്റെ 31 വർഷത്തെ ചരിത്രത്തിലെ ആദ്യ അപകടമാണിത്. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട എമിറേറ്റ്‌സ് ഇ.കെ 521 വിമാനത്തിനാണ് ആഗസ്റ്റ് മൂന്നിന് ദുബൈ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ തീപിടിച്ചത്.
വിമാനത്തിലുണ്ടായിരുന്ന മലയാളികൾ ഉൾപ്പെടെ 282 യാത്രക്കാരും 18 ജീവനക്കാരും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വിമാനത്തിന്റെ തീയണക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ യു.എ.ഇ സ്വദേശിയായ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥൻ ജാസിം ഈസ അൽ ബലൂഷി മരിച്ചിരുന്നു. അപകടദിവസം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് രാവിലെ 11.35ന് യു.എ.ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. പൊടിക്കാറ്റുമൂലം ദൂരക്കാഴ്ച നാലു കിലോമീറ്ററായി കുറഞ്ഞിരുന്നു.

12.31ന് ദുബൈ വിമാനത്താവളത്തിലെ എയർ ട്രാഫിക് കോഓഡിനേറ്ററെ വിളിച്ച എയർ ട്രാഫിക് വാച്ച് മാനേജർ അസാധാരണമായ കാറ്റിനെക്കുറിച്ച വിവരം കൈമാറുകയും ചെയ്തു. രണ്ടു വിമാനങ്ങൾ ഇതേതുടർന്ന് ലാൻഡിങ് ശ്രമം ഒഴിവാക്കി. 12.37നാണ് അപകടത്തിൽപെട്ട ബോയിങ് 77731എച്ച് വിമാനം ലാൻഡിങ് ശ്രമം നടത്തിയത്. ആദ്യം വലതുവശത്തെ പ്രധാന ലാൻഡിങ് ഗിയറും മൂന്നു സെക്കൻഡിനുശേഷം ഇടതുവശത്തെ ലാൻഡിങ് ഗിയറും നിലത്തുകുത്തി. മുൻവശത്തെ ലാൻഡിങ് ഗിയർ അപ്പോഴും ഉയർന്നുനിൽക്കുകയായിരുന്നു. പൊടുന്നനെ കാറ്റിന്റെ ഗതി മാറി. അപകടം മണത്ത പൈലറ്റ് പിറകുവശത്തെ ലാൻഡിങ് ഗിയറുകൾ മടക്കി ഉയർന്നുപൊങ്ങാൻ ശ്രമിച്ചു. 1219 മീറ്ററിലേക്ക് ഉയരാനായിരുന്നു എയർ ട്രാഫിക് കൺട്രോളിൽനിന്ന് പൈലറ്റിന് ലഭിച്ച സന്ദേശം. എന്നാൽ, 26 മീറ്റർ ഉയർന്നപ്പോഴേക്കും വിമാനം താഴേക്ക് വരാൻ തുടങ്ങി. തുടർന്ന് റൺവേയിൽ ഇടിച്ചിറങ്ങിയ വിമാനം 800 മീറ്റർ നിരങ്ങിനീങ്ങി. ഇതിനിടെ, രണ്ടാം നമ്പർ എൻജിൻ വലതുവശത്തെ ചിറകിൽനിന്ന് വേർപെട്ടുപോകുകയും ഈ ഭാഗത്ത് തീപിടിക്കുകയും ചെയ്തു. ഉടൻ തന്നെ ഒന്നാം നമ്പർ എൻജിന്റെ ഭാഗത്തും തീപിടിത്തമുണ്ടായി. ഒരു മിനിറ്റിനകം അഗ്‌നിശമന വാഹനം സ്ഥലത്തത്തെി തീയണക്കാൻ ശ്രമംതുടങ്ങി. യാത്രക്കാരെ എമർജൻസി എക്‌സിറ്റിലൂടെ രക്ഷപ്പെടുത്തി.

Top