അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: രാജ്യത്ത് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കു എൻഡാ കെനിയുടെ പേരു തന്നെ വന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലും കൂടുതൽ പേരുകൾ സജീവമായി രംഗത്ത്. എൻഡാ കെനിക്കെതിരെ ഒരു വിഭാഗം ശക്തമായ പടയൊരുക്കവുമായി രംഗത്ത് എത്തിയതോടെയാണ് ഫൈൻ ഗായേൽ കൂടുതൽ പേരുകൾ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നത്. ഫിന്നാ ഫെയിലും പ്രധാനമന്ത്രി സ്ഥാനത്തിനു മോഹവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷി ഫൈൻ ഗായൽ ആണെങ്കിലും, തങ്ങളുടെ കൂടി പിൻതുണയില്ലാതെ ഭരണം നടത്താനാവില്ലെന്ന ഫിന്നാ ഫെയിലിന്റെ ബോധമാണ് പ്രധാനമന്ത്രി സ്ഥാനത്തിനു അവകാശവാദം ഉന്നയിക്കാൻ ഇവരെ പ്രേരിപ്പിച്ചത്.
ഫൈൻ ഗായലിന്റെ പരാജയത്തിന് കാരണമായത് പ്രധാനമന്ത്രി എൻഡാ കെനിയുടെ നയങ്ങളാണ് എന്ന് മുൻ ജസ്റ്റീസ് മന്ത്രി അലൻ ഷാറ്റർ അടക്കം നിരവധി നേതാക്കളാണ് കുറ്റപ്പെടുത്തലുകളുമായി മുമ്പോട്ട് എത്തിയത്.പല ടി ഡി മാരും ന്യൂനപക്ഷ സർക്കാർ ഉണ്ടാക്കുന്നതിനെതിരെ എതിർപ്പ് പ്രകടമാക്കി കഴിഞ്ഞു.ധനമന്ത്രി മൈക്കിൽ നൂനൻ അടക്കമുള്ള സീനിയർ നേതാക്കൾ അത്തരം അഭിപ്രായം ഉയർത്തിയതോടെ കെന്നി അവകാശവാദം ഉന്നയിക്കുന്നതിൽ നിന്നും പിൻ വലിഞ്ഞിരിക്കുകയാണ്. കഠിനമായ നഷ്ടം സഹിച്ചു മന്ത്രിസഭ ഉണ്ടാക്കേണ്ടതില്ലെന്നു ഇന്നലെ ചേർന്ന ഫൈൻ ഗായേൽ പാർലമെന്ററി പാർട്ടി യോഗവും കെന്നിയോടാവശ്യപ്പെട്ടു. ഫിന്നാ ഫെയിലിന്റെ പിന്തുണയുടെ ബലത്തിൽ സർക്കാർ രൂപീകരിച്ചാൽ പാർട്ടിയ്ക്ക് അവരുടെ അഭിപ്രായങ്ങൾക്ക് അടിയറവു വെയ്‌ക്കേണ്ടി വരുമെന്ന് ഗതാഗതമന്ത്രി പാസ്‌കൽ ഡോണഗ് മുന്നറിയിപ്പ് നൽകി. യോഗത്തിൽ പങ്കെടുത്ത പുതിയ ടി ഡിമാർ അഭിപ്രായം വ്യക്തമാക്കിയതോടെ ഇന്ന് രാവിലെ കെന്നി സ്വതന്ത്രൻമാരുടെ കൂട്ടായ്മയുമായും,സോഷ്യൽ ഡമോക്രാറ്റ്‌സുമായും നിശ്ചയിച്ചിരിക്കുന്ന ചർച്ചകളും അനിശ്ചിതാവസ്ഥയിലായിട്ടുണ്ട്.ഏതെങ്കിലും കാരണവശാൽ ഫൈൻ ഗായേൽ അധികാരത്തിൽ എത്തിയാൽ തന്നെ ഫ്രാൻസീസ് ഫിറ്റ്‌സ് ജറാൾഡോ,ലിയോ വരെദ്കറോ ആവും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുക. അതേ സമയം അടുത്ത ചൊവ്വാഴ്ച ആദ്യ ഡയൽ കൂടുമ്പോൾ തന്നെ മൈക്കിൽ മാർട്ടിൻ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് സ്ഥാനാർഥിത്വം പ്രഖ്യാപിക്കുമെന്ന് പുതിയ വാർത്തകളും ഉണ്ട്.ഷെയിൻ റോസിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര ടി ഡി മാരുടെ സംഘം,ഗ്രീൻ പാർട്ടി,സോഷ്യൽ ഡമോക്രാറ്റ്‌സ് എന്നി കക്ഷികളുമായി മൈക്കിൽ മാർട്ടിൻ നടത്തിയ ചർച്ചകൾ വിജയകരമായിരുന്നു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.കൂടുതൽ സ്വതന്ത്രരും മാർട്ടിന് പിന്തുണ നൽകുന്നതിൽ തത്പരരാണത്രെ. എന്തായാലും ഒരു ന്യൂനപക്ഷ മന്ത്രിസഭയെ അയർലണ്ടിൽ ഉണ്ടാകാൻ സാധ്യതയുള്ളൂ എന്ന അവസ്ഥയിലാണ് രാജ്യമിപ്പോൾ.അത്തരം ഒരു ആശങ്കാ ജനകമായ അവസ്ഥയിൽ തുടരുന്നതിനേക്കാൾ നല്ലത് ഒരു തവണ കൂടി തിരഞ്ഞെടുപ്പ് നടത്തി ജനഹിതം വ്യക്തമാക്കാൻ അവസരം ഉണ്ടാക്കണം എന്ന് ആവശ്യപ്പെടുന്നവർ ഷിൻ ഫെയിൻ ഉൾപ്പെടെ എല്ലാ പാർട്ടികളിലും ഉണ്ടെന്നതും ശ്രദ്ധേയമാണ്.