ബിജു കരുനാഗപ്പള്ളി
ഷാര്‍ജ: യു.എ.ഇയിലെ തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്‌സ് ഐ.ഡി അപേക്ഷാ കേന്ദ്രങ്ങളില്‍ ഉപയോക്താക്കള്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് പുതിയ നിബന്ധനകള്‍ നടപ്പാക്കുന്നു. ഇതനുസരിച്ച് ഓരോ കേന്ദ്രത്തിനും നിശ്ചിത വിസ്തീര്‍ണം അനിവാര്യമാണ്. കൂടാതെ ശൗചാലയം, നമസ്‌കാര മുറി, ഊഴം കാത്തിരിക്കാനുള്ള ഇരിപ്പിടങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും ഉണ്ടായിരിക്കണം. ടെപ്പിങ് സെന്ററുകള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ നിബന്ധനകള്‍ ചെറുകിട ടൈപ്പിങ് സെന്ററുകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
അപേക്ഷാ കേന്ദ്രത്തിന് 1500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മുറി ഉണ്ടായിരിക്കണമെന്നതാണ് പ്രധാന നിബന്ധന. കൂടാതെ ഉപയോക്താക്കള്‍ക്ക് അംഗശുദ്ധി വരുത്താനും നമസ്‌കരിക്കാനുമുള്ള സൗകര്യം, വാഹന പാര്‍ക്കിങ് സൗകര്യം, ഇലക്ട്രോണിക് ടോക്കണ്‍ സംവിധാനം തുടങ്ങിയവയും സജ്ജീകരിച്ചിരിക്കണം. ജൂണ്‍ മാസത്തോടെ നിബന്ധനകള്‍ നടപ്പാക്കേണ്ടി വരുമെന്നാണ് ടൈപ്പിങ് സെന്ററുകള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. പുതിയ നിബന്ധനകള്‍ നടപ്പാക്കുന്നതോടെ എമിറേറ്റ്‌സ് ഐ.ഡി അപേക്ഷാ കേന്ദ്രങ്ങളുടെ എണ്ണം ഗണ്യമായി കുറയും. ഇത്തരം കേന്ദ്രങ്ങള്‍ പലതും ചെറിയ ഒറ്റമുറികളിലാണ് നടത്തുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ അതേസ്ഥലത്ത് വികസിപ്പിക്കുക അസാധ്യമാണ്.
അതിനാല്‍ തന്നെ കൂടുതല്‍ സൗകര്യമുള്ള കെട്ടിടത്തിലേക്ക് സ്ഥാപനം മാറ്റേണ്ടി വരും. എന്നാല്‍ വന്‍തുക മുതല്‍ മുടക്കി മറ്റു സ്ഥലങ്ങളിലേക്ക് സ്ഥാപനം മാറ്റാന്‍ സാധിക്കില്ലെന്ന് ചെറുകിട ടൈപ്പിങ് സെന്റര്‍ ഉടമകള്‍ പറയുന്നു. നിലവില്‍ എമിറേറ്റ്‌സ് ഐ.ഡി അഥോറിറ്റിയുടെ അനുമതിയുള്ള എല്ലാ ടൈപ്പിങ് സെന്ററുകള്‍ വഴിയും എമിറേറ്റ്‌സ് ഐ.ഡിക്ക് അപേക്ഷിക്കാം. ഇതിനായി അഥോറിറ്റിക്ക് വാര്‍ഷിക ഫീസായി 3000 ദിര്‍ഹം നല്‍കി രഹസ്യ പാസ് വേര്‍ഡ് ലഭ്യമാക്കണം. ഒന്നിലധികം രഹസ്യ കോഡ് ആവശ്യമുള്ള ടൈപ്പിങ് സെ്ന്ററുകള്‍ ഓരോന്നിനും വെവ്വേറെ പണമടക്കണം.
തൊഴില്‍ വകുപ്പ് സേവനങ്ങള്‍ തസ്ഹീലിന് കൈമാറിയ ശേഷം സാധാരണ ടൈപ്പിങ് സെന്ററുകളുടെ പ്രധാന ആശ്രയമാണ് എമിറേറ്റ്‌സ് ഐ.ഡി അപേക്ഷകള്‍. ഇതുകൂടി ഇല്ലാതാകുന്നത് ചെറുകിട ടൈപ്പിങ് സെന്ററുകള്‍ പലതിന്റെയും നിലനില്‍പ്പ് പ്രതിസന്ധിയിലാക്കും
—