എഡിസണ്‍, ന്യൂജേഴ്‌സി: `എന്നു നിന്റെ മൊയ്തീന്‍’ ചിത്രത്തിന്റെ അമേരിക്കന്‍ പ്രീമിയറും, ഇന്ത്യയില്‍ ചിത്രം 25 ദിവസം പിന്നിടുന്നതിന്റെ ആഘോഷവും മിറാജ് ഹോട്ടലില്‍ പ്രൗഡസദസ്സിനു മുന്നില്‍ അരങ്ങേറി.
അമേരിക്കന്‍ മലയാളികള്‍ നിര്‍മ്മിച്ച് വന്‍ ഹിറ്റായി ചരിത്രം കുറിച്ച സിനിമയുടെ അണിയറ കഥകളും സില്‍വര്‍ ജൂബിലി ആഘോഷ കേക്കും മധുരം പകര്‍ന്ന ചടങ്ങ് ഗായകനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് രമേഷ് നാരായണ്‍ ഉദ്ഘാടനം ചെയ്തു. ചിത്രം നിര്‍മ്മിക്കാന്‍ പണം മുടക്കാന്‍ കഴിഞ്ഞില്ലെങ്കിലും കാഞ്ചനയുടേയും മൊയ്തീന്റേയും അനശ്വര പ്രണയം അഭ്രപാളികളിലെത്തിക്കാന്‍ താന്‍ വഹിച്ച പങ്ക് അദ്ദേഹം വിവരിച്ചു.
നിര്‍മ്മാതാക്കളിലൊരാളായ സുരേഷ് രാജ് സിനിമ നിര്‍മ്മിക്കണമെന്ന മോഹം പറഞ്ഞു. അതേസമയം സംവിധായകനായ ആര്‍.എസ് വിമല്‍ സിനിമ ചെയ്യണമെന്ന മോഹവും പറഞ്ഞു. സുരേഷ്, ബിനോയ് ശങ്കരത്ത്, രാജി തോമസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരായ നീലു തോമസ്, ഡോ. സുരേഷ് കുമാര്‍ എന്നിവരടങ്ങിയ ടീമിനെ വിമലുമായി കൂട്ടിയിണക്കിയത് അദ്ദേഹം അനുസ്മരിച്ചു.
ഈ ചിത്രം വിമലിനല്ലാതെ മറ്റാര്‍ക്കും ചെയ്യാനാവില്ല. വര്‍ഷങ്ങളോളം മുക്കത്ത് കാഞ്ചന ചേച്ചിയുടെ സമീപത്തുപോയി അവരുടെ ജീവിതത്തിലെ ഓരോ താളുകളും മനസിലാക്കി അവയാണ് ചിത്രമായി മാറിയത്. മറ്റാര്‍ക്കാണ് അതിനു കഴിയുക? അവരുടെ ജീവിതത്തില്‍ സംഭവിച്ചതല്ലാതെ മറ്റൊന്നും സിനിമയിലില്ല. അയല്‍ക്കാരും അന്യമതസ്ഥരുമായ മൊയ്തീനും കാഞ്ചനയും പതിറ്റാണ്ടുകളിലൂടെ തുടര്‍ന്ന നിശബ്ദ പ്രണയവും ഒടുവില്‍ മറ്റുള്ളവരെ രക്ഷിക്കാന്‍ മൊയ്തീന്‍ പുഴയില്‍ ചാടി മരിച്ചതും, മൊയ്തീന്റെ ഓര്‍മ്മയില്‍ ജീവിതം തള്ളിനീക്കുന്ന കാഞ്ചനയും അപൂര്‍വ്വ പ്രണയത്തിന്റെ പ്രതീകങ്ങളാണ്. വിവാഹം കഴിക്കാത്ത പുരുഷന്റെ വിധവയായി ജീവിക്കുന്ന കാഞ്ചനയുടേയും, മൊയ്തീന്റേയും കഥ ലോകം മുഴുവനും അറിയേണ്ടതുണ്ടെന്ന് താനും അവരോട് പറയുകയുണ്ടായി.
അവരുടെ ജീവിതത്തിലെ ഒരു ഭാഗം മാത്രമേ സിനിമയായുള്ളൂ. മുഴുവന്‍ എടുക്കണമെങ്കില്‍ പല സിനിമകള്‍ വേണ്ടിവരും. നവാഗതനായ വിമലിനെ വിശ്വസിച്ച് നിര്‍മ്മാതാക്കള്‍ വരാന്‍ സാധ്യത തീരെ ഇല്ലാത്തപ്പോഴാണ് അമേരിക്കയില്‍ നിന്ന് നിര്‍മ്മാതാക്കള്‍ എത്തിയത്.
കാഞ്ചനയുടേയും മൊയ്തീന്റേയും ജീവിതത്തെ അധികരിച്ച് വിമല്‍ എടുത്ത ഡോക്യുമെന്ററി കണ്ടപ്പോള്‍തന്നെ അതൊരു സിനിമയാക്കണമെന്നു താന്‍ നിര്‍ദേശിക്കുകയുണ്ടായി. അതു ഫലവത്താക്കാന്‍ വര്‍ഷങ്ങളെടുത്തു അദ്ദേഹം പറഞ്ഞു.
ദൈവീകമായ സ്‌നേഹത്തിന്റെ കഥയാണ് സിനിമ ചിത്രീകരിക്കുന്നതെന്നു നിര്‍മ്മാതാക്കളിലൊരാളായ രാജി തോമസ് ചൂണ്ടിക്കാട്ടി. സ്‌നേഹത്തിന്റെ യഥാര്‍ത്ഥമായ അര്‍ത്ഥമാണ് ഇവിടെ അനാവൃതമാക്കുന്നത്. തീവ്രമായ പ്രണയം ചിത്രീകരിക്കാന്‍ അതുപോലെ തന്നെ തീവ്രമായ അഭിവാഞ്ജയുള്ള ടീമാണ് രംഗത്തുവന്നത്. അതും ചിത്രത്തിനു വിജയം കൊണ്ടുവന്നു. ഇതു വെറുമൊരു പ്രേമകഥയല്ല. മറിച്ച് അവസാനിക്കാത്ത കാത്തിരിപ്പിന്റെ കഥയാണ്. അതു ജാതിമതലിംഗ വ്യത്യാസങ്ങള്‍ മറികടക്കുന്നു.
നാലു തവണ താന്‍ കാഞ്ചനയെ കാണുകയുണ്ടായെന്നു സുരേഷ് രാജ് പറഞ്ഞു. ഗുണമേന്മയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയാറല്ലായിരുന്നു. ഒരു ഡ്രീം ടീമാണ് സിനിമയ്ക്കു പിന്നില്‍ ഒത്തുകൂടിയത്.
സഫലമാകാത്ത പ്രേമം, വ്യത്യസ്ത സമുദായക്കാര്‍ തമ്മിലുള്ള പ്രേമം തുടങ്ങി സ്ഥിരം പ്രണയകഥകളിലില്ലാത്ത എന്തു വൈശിഷ്ട്യമാണ് ചിത്രത്തിനെന്ന ചോദ്യത്തിനു സ്‌നേഹത്തിനു അഭൗമമായ ഒരു അര്‍ത്ഥതലം ഉണ്ടാക്കാന്‍ സംവിധായകനായി എന്നു നിര്‍മ്മാതാക്കള്‍ വിലയിരുത്തി.
ഒരു ഐ.ടി പ്രൊജക്ട് പോലെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള കാര്യങ്ങള്‍ ചെയ്താണ് മുന്നോട്ടു പോയതെന്നു ബിനോയി ശങ്കരത്ത് ചൂണ്ടിക്കാട്ടി. ഗുണമേന്മയില്‍ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലാതിരുന്നതിനാല്‍ സിനിമ പുറത്തിറങ്ങാന്‍ കൂടുതല്‍ പണം ചെലവായി, കൂടുതല്‍ സമയവുമെടുത്തു.
ചിത്രത്തിന്റെ വന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ കാഞ്ചനയും അവര്‍ നടത്തുന്ന ബി.പി. മൊയ്തീന്‍ സേവാമന്ദിറിനും സഹായമെത്തിക്കുമോ എന്ന ചോദ്യത്തിനു ഉവ്വ് എന്നായിരുന്നു മറുപടി. പക്ഷെ കാഞ്ചന ഇപ്പോള്‍ രോഗബാധിതയാണ്. സഹായത്തിന്റെ പേരില്‍ നാടകംകളിക്കാനൊന്നും തങ്ങളില്ലെന്നു രാജി തോമസ് പറഞ്ഞു.
മീഡിയാ ലൊജിസ്റ്റിക്‌സിന്റെ ആനി ലിബു ആമുഖ പ്രസംഗം നടത്തി. റോഷി ജോര്‍ജ് ആയിരുന്നു എം.സി. നിര്‍മ്മാതാക്കള്‍ക്ക് പണ്ഡിറ്റ് രമേഷ് നാരായണ്‍ ഫലകങ്ങള്‍ നല്‍കി ആദരിച്ചു. രമേഷ് നാരായന്റെ പുത്രി മധുശ്രീ, ഈ സിനിമയില്‍ പാടിയ ഗാനം സദസില്‍ ആലപിച്ചു. സിനിമയില്‍ അഭിനയിച്ച സുരേഷ് രാജിന്റെ പുത്രി സ്‌നേഹാ രാജും ചടങ്ങിനെത്തി.
ജോര്‍ജ് ജോസഫ്, സുനില്‍ ട്രൈസ്റ്റാര്‍, ജോര്‍ജ് തുമ്പയില്‍, അനില്‍ പുത്തന്‍ചിറ, തോമസ് തോമസ്, അനിയന്‍ ജോര്‍ജ്, മനോഹര്‍ തോമസ്, ദിലീപ് വര്‍ഗീസ്, സോമന്‍ തോമസ് തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.
ചടങ്ങിനുശേഷം ബിഗ് സിനിമാസില്‍ `എന്നു നിന്റെ മൊയ്തീന്‍’ പ്രദര്‍ശിപ്പിച്ചു.
ഫോട്ടോ: ജോണ്‍ മാര്‍ട്ടിന്‍/മീഡിയ ലൊജിസ്‌റിക്‌സ്