സ്വന്തം ലേഖകൻ
ഡബ്ലിൻ:അയർലണ്ട് അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ വരും വർഷങ്ങളിൽ പെൻഷൻ സമ്പ്രദായത്തിൽ വ്യാപകമായ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് റിപ്പോർട്ടുകൾ.
ലോകത്തെ തൊഴിൽ സംസ്‌കാരം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ആരോഗ്യരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ കാരണം ജനങ്ങൾക്ക് ആയുസ് വർദ്ധിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് പെൻഷനെയും പെൻഷൻ പ്രായത്തെയും പുനഃക്രമീകരിച്ചുകൊണ്ടുള്ള പുതിയ സംവിധനം സ്വീകരിക്കാൻ ഐറിഷ് സർക്കാർ തയാറെടുക്കുന്നത്. 2028ഓടെ പെൻഷൻ പ്രായം 68 ആക്കി ഉയർത്താൻ അധികൃതർ തീരുമാനിച്ചിരിക്കുകയാണ്. നിലവിൽ 66 ആണ് പെൻഷൻ പ്രായം. 2021ൽ ഇത് 67 ആക്കി ഉയർത്തും. എന്നാൽ വരും വർഷങ്ങളിൽ പെൻഷൻ പ്രായം വീണ്ടും ഉയർത്താനാണ് സാധ്യത. ഒരു പക്ഷേ 81 വയസ്സുവരെ പെൻഷൻ പ്രായം ഉയർത്താമെന്നാണ് പെൻഷൻ കമ്പനിയായ റോയൽ ലണ്ടൻ പറയുന്നത്. പെൻഷൻ സമ്പ്രദായവും മാറ്റത്തിന് തയ്യാറെടുക്കുകയാണ്. 2020 മുതൽ ടോട്ടൽ കോൺട്രിബ്യൂഷൻസ്’ സമീപനമാകും പെൻഷന്റെ കാര്യത്തിൽ ഉണ്ടാകുക. അതായത് ജോലി ചെയ്യുന്ന കാലത്ത് എടുത്ത സോഷ്യൽ ഇൻഷുറൻസ് കോൺട്രിബ്യൂഷൻസ് പ്രകാരമാകും പെൻഷൻ കണക്കാക്കുക. അതായത് 30 വർത്തെ സോഷ്യൽ കോൺട്രിബ്യൂഷൻസ് നൽകുന്ന ഒരാൾക്ക് പരമാവധി പെൻഷൻ ലഭിക്കും.
ഇനി മുതൽ രാജ്യവ്യാപകമായി പെൻഷന്റെ കാര്യത്തിൽ ഓട്ടോ എൻ റോൾമെന്റ് സ്‌കീം നടപ്പിലാക്കാനും പദ്ധതിയുണ്ട്. ഇത്തരമൊരു സ്‌കീം അത്യാവശ്യമാണെന്നാണ് വിദഗ്ദ്ധരുടെ കാഴ്ചപ്പാട്. യുകെയിൽ ഇത്തരം സ്‌കീം നിലവിൽ വന്നു കഴിഞ്ഞു.
രാജ്യാന്തര വിപണിയായി പെൻഷനെ മാറ്റാനും നീക്കങ്ങൾ നടക്കുന്നുണ്ട്. യൂറോപ്യൻ യൂണിയൻ അംഗങ്ങളായ രാജ്യങ്ങളിലെ പൗരന്മാർക്ക് പെൻഷൻ പ്രൊഡക്ടുകൾ രാജ്യങ്ങളുടെ അതിർത്തിയില്ലാതെ പർച്ചേസ് ചെയ്യാൻ ഈ പദ്ധതി സഹായിക്കും. ഇത് കരിയറിൽ പല രാജ്യങ്ങളിലായി ജോലി ചേയ്യേണ്ടി വരുന്നവരെ സഹായിക്കുമെന്നാണ് കരുതുന്നത്.ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് ചില മാർഗങ്ങളിലൂടെ യൂറോപ്പിലെ പെൻഷൻ ഫണ്ടുകൾ മാറ്റാവുന്ന സംവിധാനങ്ങൾ നിലവിലുണ്ട്.ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയിലെ പെൻഷൻ നിക്ഷേപമാണ് ഭദ്രം എന്ന് കരുതുന്ന ഒട്ടേറെ പേർ പെൻഷൻ ഫണ്ട് ട്രാൻസ്ഫർ ചെയ്തു തുടങ്ങിയിട്ടുണ്ട്.റിട്ടയർ ചെയ്യുമ്പോഴോ,ജോലി ചെയ്യുന്ന കമ്പനി അഥവാ സ്ഥാപനം മാറുമ്പോഴോ പെൻഷൻ ട്രാൻസ്ഫറും മറ്റു രാജ്യങ്ങളിലേക്ക് സാധ്യമാകുന്ന പദ്ധതിയാണ് ഇത്.
അയർലണ്ടിലെ പെൻഷൻ സമ്പ്രദായത്തിലെ മാറ്റങ്ങൾ അടുത്ത വർഷം ആദ്യം പ്രഖ്യാപിച്ചേക്കുമെന്നു സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി<