പി.പി ചെറിയാൻ
ഡാള്ളസ്: പ്രായം വർധിക്കും തോറും ശാരീരികവും മാനസികവുമായി ഉണ്ടാകുന്ന സ്വാഭാവിക ബലക്ഷയത്തെ അതിജീവിക്കുന്നതിനും ശരീരത്തെ ചലനാത്മകമായി നിലനിർത്തുന്നതിനും മാനസികവും ശാരീരികവുമായ വ്യായാമം അനിവാര്യമാണെന്നു ഡോള്ളസ് – ഫോർട്ട് വർത്തിലെ സുപ്രസിദ്ധ ഹൃദ്രോഗ വിദഗ്ധനും സാമൂഹിക സാംസ്‌കാരിക പ്രവർത്തകനുമായ ഡോ.ചന്ദ്രശേഖരൻ നായർ അഭിപ്രായപ്പെട്ടു.
കേരള അസോസിയേഷൻ ഓഫ് ഡാള്ളസ് ആഗസ്റ്റ് 29 ശനിയാഴ്ച രാവിലെ പത്തു മുതൽ സംഘടിപ്പിച്ച സീനിയർ സിറ്റിസൺസ് ഏകദിന പഠന ശിബിരത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ.ചന്ദ്രമോഹൻ നായർ. പ്രമേഹവും ഹൃദ്രോഗവും അമിത രക്തസമ്മർദവും പ്രായമായവരിൽ മാത്രമല്ല, മധ്യവയസ്‌കരിലും പൊതുവേ കണ്ടുവരുന്ന രോഗമാണ്. ആധുനിക അലോപതി ചികിത്സയിലൂടെ ഒരു പരിധിവരെ ഇതിനെ നിയന്ത്രിക്കാമെങ്കിലും ഭക്ഷണക്രമത്തിൽ നിയന്ത്രണം പാലിക്കുന്നതിലൂടെയും സ്ഥിരമായ വ്യായാമത്തിലൂടെയും പൂർണമായും ഈ രോഗത്തെ അകറ്റി നിർത്താനാവുമെന്നു ഡോക്ടർ പറഞ്ഞു.
അമിത മദ്യപാനവും പുകയില ഉപയോഗവും ഒരു ഫാഷനാക്കി മാറ്റിയിരിക്കുന്നവർ ശരീരത്തൈ അറിഞ്ഞുകൊണ്ടു അനാരോഗ്യകര അവസ്ഥയിലേയ്ക്കു തള്ളിവിടുകയാണെന്നു മുന്നറിയിപ്പും ഡോക്ടർമാർ നൽകി. ശാരീരിക വ്യായാമത്തോടൊപ്പം മാനസിവ്യായാമത്തിനു യോഗ പരിശീലിക്കുന്നതും ഉചിതമായിരിക്കുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.
തുടർന്നു ജയാചാക്കോ സമീകൃത ആഹാരത്തിന്റെ ഉപയോഗത്തെക്കുറിച്ചു വിജ്ഞാന പ്രദമായ പ്രഭാഷണം നടത്തി. ഓർഗാനിക് എന്ന ലേബലിൽ കടകളിൽ നിന്നും ലഭിക്കുന്ന ഭക്ഷണപദാർഥങ്ങൾക്കു പകരം വീട്ടുവളപ്പിൽ കൃഷി ചെയ്തു ലഭിക്കുന്നവ ആരോഗ്യത്തിനു കൂടുതൽ ഫലപ്രദമായിരിക്കുമെന്നു ജയചാക്കോ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് ബാബു സി.മാത്യു സ്വാതവും വിഷ്ടാതിഥികളെ പരിചയപ്പെടുത്തുകയും ചെയ്തു. തുടർന്നു ഓർഗാനിക്ക് വിഭവങ്ങൾ കൊണ്ടു തയ്യാറാക്കിയ ഉച്ചഭക്ഷണവും എല്ലാവർക്കുമായി തയ്യാറാക്കിയിരുന്നു.