അബുദാബി: ഫെബ്രുവരിയില്‍ തന്നെ ചൂട് കൂടുന്നത് തൊഴിലാളികളെ ആശങ്കയിലാക്കുന്നു, ഇത്രയും നേരത്തെ ചൂട് ആരംഭിക്കുന്നത് വരും മാസങ്ങളില്‍ അനുഭവപ്പെട്ടേക്കാനിടയുള്ളശക്തമായ ചൂടിന്റെ സൂചനയാകുമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്.
യു.എ.ഇയില്‍ ഈ വര്‍ഷം കാര്യമായ തണുപ്പ് ഉണ്ടായിട്ടില്ല. മഴയും കാര്യമായി പെയ്തില്ല എന്നതും കൊടും ചൂടിന്റെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാത്രി കാലങ്ങളില്‍ കടുത്ത മഞ്ഞ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. മൂടല്‍ മഞ്ഞിന്റെ പര്യവസാനം ചൂടിലേക്കാണെന്നാണ് പഴയ കാല പ്രവാസികള്‍ പറയുന്നത്. താമസിക്കുന്ന മുറികളില്‍ തണുപ്പില്‍ നിന്നും മോചനം ലഭിക്കാന്‍ മുന്‍കാലങ്ങളില്‍ രാത്രി ഹീറ്ററുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, പിന്നീട് ഓരോ വര്‍ഷവും തണുപ്പിന്റെ കാഠിന്യം കുറഞ്ഞുവരികയായിരുന്നു.
ഇപ്പോള്‍ എയര്‍ കണ്ടീഷനര്‍ പ്രവര്‍ത്തിപ്പിക്കാതെ ഉറങ്ങാന്‍ കഴിയുന്ന ദിവസങ്ങള്‍ വളരെ വിരളമാണെന്ന് സ്വദേശികളും വിദേശികളും ഒരുപോലെ പറയുന്നു. വാഹനങ്ങളിലും ഹീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന സാഹചര്യം തീരെ ഇല്ലാതായിക്കൊണ്ടിരിക്കന്നു. ഡിസംബര്‍, ജനുവരി മാസങ്ങളിലൊന്നും കാര്യമായ ശൈത്യം യു.എ.ഇയില്‍ അനുഭവപ്പെട്ടിട്ടില്ല. അടുത്ത രണ്ടു മാസം കൂടി തണുപ്പ് കാലത്തിന്റേതാണെങ്കിലും കാലാവസ്ഥ ചൂടിന് വഴിമാറിയതായാണ് കഴിഞ്ഞ ദിവസങ്ങളിലെ ഉഷ്ണം വ്യക്തമാക്കുന്നത്. നിര്‍മാണ തൊഴിലാളികള്‍, പുറത്ത് മറ്റുജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവരാണ് ചൂട് കാലാവസ്ഥയെ ഏറ്റവും കൂടുതല്‍ ആശങ്കയോടെ നോക്കിക്കാണുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട മൂടിക്കെട്ടിയ അന്തരീക്ഷം മഴ സമ്മാനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നവെങ്കിലും മാനം പതിയെ തെളിഞ്ഞു വരികയാണുണ്ടായത്. നഗരങ്ങളില്‍ നിന്നും ഇരുനൂറും മുന്നൂറും കിലോമീറ്റര്‍ അകലെയുള്ള മരുഭൂമികളി ല്‍ ജോലി ചെയ്യുന്നവര്‍ക്കും ഇത്തവണ കാര്യമായ തണുപ്പ് അനുഭവപ്പെട്ടിട്ടില്ലെന്ന് അവിടങ്ങളില്‍ ജോലി ചെയ്യുന്നവരും താമസിക്കുന്നവരും പറയുന്നു. കൊടും ചൂടും അതിശൈത്യവും സഹിച്ചു ജീവിക്കുന്ന അത്തരക്കാര്‍ക്ക് തണുപ്പ് ശക്തമാവാത്തത് താല്‍ക്കാലിക ആശ്വാസമാണ്. എന്നാല്‍, കാലാവസ്ഥയിലെ വ്യതിയാനം പൊതുവെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കാര്‍ഷിക മേഖലയിലും കാലാവസ്ഥാ വ്യതിയാനം കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ സംശയമില്ല.