ഡബ്ലിൻ: കൃഷി ഭൂമി വികസന ആവശ്യങ്ങൾക്കും റോഡിനുമായി വിട്ടു നൽകിയ കർഷകർക്കു ഗുഡ് വിൽ പെയ്‌മെന്റ് ഇനത്തിൽ ഒൻപതു മില്യൺ യൂറോ നൽകാൻ സർക്കാർ തീരുമാനിച്ചു. ഫൈൻ ഗായലിന്റെ മിനിസ്റ്റർ ഫോർ സ്‌റ്റേറ്റ് മൈക്കിൾ റിങ് ആണ് ഇതു സംബന്ധിച്ചുള്ള ഉത്തരവിൽ കഴിഞ്ഞ ദിവസം ഒപ്പിട്ടത്. റോഡ് പ്രോജക്ടുകൾക്കായി കൃഷി ഭൂമി വിട്ടു നൽകിയ കർഷകർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
നാഷണൽ റോഡ് പ്രോജക്ടിനായി സ്ഥലം ഏറ്റെടുക്കുന്നതിനെ എതിർക്കാതിരുന്നവർക്കും, സ്ഥലം വിട്ടു നൽകാൻ സ്വയമേധയാ രംഗത്തെത്തിയ കർഷകർക്കുമാണ് ഇപ്പോൾ ഫണ്ട് അനുവദിക്കുന്നത്. ഒരു ഏക്കറിനു 30,00 യൂറോ വീതമാണ് ഒരാൾക്കു നൽകുന്നത്. നിലവിലുള്ള മാർക്കറ്റ് വില കൂടാതെയാണ് ഈ തുക അധികമായി ഗുഡ് വിൽ പെയ്‌മെന്റ് ഇനത്തിൽ അനുവദിക്കുന്നത്.
മുൻപ് ഇത്തരത്തിൽ സ്ഥലം വിട്ടു നൽകുന്നത് ഗുഡ് വിൽ പെയ്‌മെന്റ് ഇനത്തിൽ 5000 യൂറോപയാണ് അനുവദിച്ചിരുന്നത്. 2001 മുതൽ ഇത്തരത്തിൽ പേയ്‌മെന്റ് സംവിധാനം നിലവിലുണ്ടായിരുന്നു. എന്നാൽ, 2012 ൽ അന്നത്തെ ഗതാഗതമന്ത്രി ലിയോ വരദാർക്കർ ഇതു സംബന്ധിച്ചു നടത്തിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ തുക നൽകുന്നത് മരവിപ്പിക്കുകയായിരുന്നു. തുടർന്നാണ് പുതിയ ഉത്തരവ് കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയത്.
കഴിഞ്ഞ ആഴ്ച ആദ്യത്തോടെയാണ് മന്ത്രി റിങ്‌സ് ഐറിഷ് ഫാർമേഴ്‌സ് അസോസിയേഷനുമായി ഇതു സംബന്ധിച്ചു ചർച്ച നടത്തിയത്. 2012 ൽ സർക്കാർ തന്നെ നിർത്തലാക്കിയ പദ്ധതി പുനരാരംഭിക്കുന്തനിനൊപ്പം, 2012 മുതൽ 2016 വരെ തുക ലഭിക്കാതിരുന്നവർക്കു ഇതു വിതരണം ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്.