റിയാദ്: പുസ്തകങ്ങളുടെ വൈവിധ്യവും ഫാസിസത്തിനെതിരെ സാംസ്കാരിക പ്രതിരോധമായ രചനകളുടെ വായനയും സംവാദവും ചില്ല സർഗവേദിയുടെ ‘എന്റെ വായന’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പ്രതിമാസ ഒത്തുചേരലിനെ വേറിട്ടതാക്കി. ഡോ ടി കെ രാമചന്ദ്രന്റെ ‘ഒരു മിഥ്യയുടെ ഭാവി’ എന്ന പുസ്തകം എം ഫൈസൽ അവതരിപ്പിച്ചത് ഏറെ ശ്രദ്ദേയമായി. ഫാസിസത്തിനെതിരെ സാംസ്കരികമായ ഒരിടപെടൽ എന്ന നിലയ്ക്കാണ് ഈ പുസ്തകം പ്രസക്തമാവുന്നതെന്ന് ഫൈസൽ പറഞ്ഞു. മതേതര ബുദ്ധിജീവികൾക്കിടയിലൊരു വലിയ വിഭാഗം ഫാസിസത്തിനെതിരെ ഇന്ന് കാണുന്ന കുറ്റകരമായ മൌനം പുലർത്തുകയോ, പരസ്യമായി അതിനെ ന്യായീകരിക്കാൻ സന്നദ്ധരാവുകയോ ചെയ്യുന്ന സന്ദർഭത്തിൽ സംസ്കാരമാണ് ഫാസിസത്തിന്റെ ഒളിപ്പുരയെന്ന് വായനക്കാരെ നിരന്തരം ഓർമിപ്പിക്കുന്ന ഈ കൃതി കാലികപ്രസക്തമാണെന്ന് ഫൈസൽ കൂട്ടിച്ചേർത്തു.
ഫാസിസത്തിനെതിരെ നിരന്തരം സാംസ്കാരിക ഇടപെടൽ നടത്തി ജീവൻ നഷ്ടപ്പെട്ട ഗോവിന്ദ് പൻസാരെയുടെ ജനപ്രീതി നേടിയ കൃതി ‘ആരാണ് ശിവജി’ നജിം കൊച്ചുകലുങ്ക് അവതരിപ്പിച്ചു. മുസ്ളിങ്ങൾക്കെതിരെ സന്ധിയില്ലാതെ പൊരുതിയ ചക്രവർത്തിയാണ് ശിവജിയെന്ന, തീവ്രഹിന്ദുത്വത്തിന്റെ മുഖമായി സംഘപരിവാറുകൾ സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിക്കുന്ന ശിവജിയുടെ ചിത്രം മാറ്റി വരയ്ക്കുകയായിരുന്നു പൻസാരെ തന്റെ കൃതിയിലൂടെ നിർവഹിച്ചതെന്ന് നജിം പറഞ്ഞു. കൃഷിക്കാരുടെയും ദളിതരുടെയും സ്ത്രീകളുടെയും സുഹൃത്തും സംരക്ഷകനുമായ ശിവജിയുടെ വ്യത്യസ്തമായ ചരിത്രം ‘ആരാണ് ശിവജി’ എന്ന കൃതിയിലൂടെ തെളിവുകളെ അടിസ്ഥാനമാക്കി പറഞ്ഞതാണ് ഫാസിസ്റ്റുകളെ ചൊടിപ്പിച്ചതെന്ന് നജിം പറഞ്ഞു.
വേലായുധൻ പണിക്കശേരി മലയാളത്തിലേക്ക് വിവർത്തനം ചെയ്ത പതിനഞ്ചാം നൂറ്റാണ്ടിൽ മലബാറിൽ ജീവിച്ചിരുന്ന ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ ‘കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ’ എന്ന കൃതിയുടെ വായനാനുഭവം പങ്കിട്ട് അബ്ദുൽ ലത്തീഫ് കെ എൻ മുണ്ടേരി പരിപാടിക്ക് തുടക്കം കുറിച്ചു. യു.എ.ഖാദറിന്റെ ‘തൃക്കോട്ടൂർ നോവെല്ലകൾ’ റഫീഖ് പന്നിയങ്കര, ഓഷോയുടെ ആത്മകഥ വിജയകുമാർ, ശശി തരൂർ രചിച്ച ‘ദ ഗ്രേറ്റ് ഇന്ത്യൻ നോവൽ’ മൻമോഹൻ സി.വി, ഡാൻ ബ്രൗണിന്റെ ‘ഇൻഫെർനോ’ ശിഹാബ് കുഞ്ചീസ്, കുമാരനാശാന്റെ ‘കരുണ’ സുരേഷ് എന്നിവർ അവതരിപ്പിച്ചു.
ജയചന്ദ്രൻ നെരുവമ്പ്രം, ടി.ആർ.സുബ്രഹമണ്യൻ, പ്രിയ സന്തോഷ്, നൌഫൽ പൂവക്കുറിശ്ശി എന്നിവർ സർഗസംവാദത്തിൽ സംസാരിച്ചു. ശിഫാ അൽ ജസീറ ഓഡിറ്റോറിയത്തിൽ ചേർന്ന പരിപാടിയിൽ നൗഷാദ് കോർമത്ത് മോഡറേറ്റർ ആയിരുന്നു.
ഫോട്ടോ :
1. ചില്ല സർഗവേദിയുടെ ‘എന്റെ വായന’യിൽ പങ്കെടുത്തവർ
2. അബ്ദുൽ ലത്തീഫ് കെ എൻ മുണ്ടേരി ചില്ല സർഗവേദിയുടെ ‘എന്റെ വായന’ ഉദ്ഘാടനം ചെയ്യുന്നു.