ഹൂസ്റ്റണ്‍: ഫെബ്രുവരി 25, 26 തീയതികളില്‍ വുഡ് ലാന്‍ഡ്സ് മാരിയോട്ട് ഹോട്ടല്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന ടെക്‌സാസ് എപ്പിസ്‌കോപ്പല്‍ ഭദാസനത്തിന്റെ 173- മത് കൗണ്‍സില്‍ റവ. ഡോ.റോയി വര്‍ഗീസിനെ സഭയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു. ഹൂസ്റ്റണിലെ സ്റ്റാഫ്ഫോര്‍ഡ് സിറ്റിയിലുള്ള ഗുഡ് ഷെപ്പേര്‍ഡ് എപ്പിസ്‌കോപ്പല്‍ ഇന്ത്യന്‍ ഇടവകയുടെ വികാരിയാണ് റവ.ഡോ.റോയി വര്‍ഗീസ്.
ഭദ്രാസനത്തിലെ ഇടവകകള്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രീകള്‍, മറ്റു ഇതര സംഘടനകള്‍ എന്നിവയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തില്‍ പരം വരുന്ന പ്രതിനിധികളുടെ സമ്മേളനമാണ് ഭദ്രാസന കൗണ്‍സില്‍.
ആഗോള ആംഗ്ലിക്കന്‍ സഭയുടെ വിശാല കൂട്ടായ്മയുടെ ഭാഗമായ അമേരിക്കന്‍ എപ്പിസ്‌കോപ്പല്‍ സഭ ഇന്ത്യയിലെ ആംഗ്ലിക്കന്‍ പാരമ്പര്യമുള്ള ദക്ഷിണേന്ത്യ സഭ (സിഎസ്‌ഐ) ഉത്തരേന്ത്യ സഭ (സിഎന്‍ഐ ) എന്നീ സഭകളുടെ സഹോദരീ സഭയും പൗരസ്ത്യ പാരമ്പര്യമുള്ള മാര്‍ത്തോമ്മ സഭയുമായി പൂര്‍ണ കൂട്ടായ്മയിലും നിലകൊള്ളുന്ന സഭയാണ്.
ടെക്‌സാസ് ഭദ്രാസനത്തിന്റെ ധൗത്യ നിര്‍വഹണത്തിലും സുവിശേഷ ദര്‍ശനത്തിലും പുതിയതും വിശാലവുമായ കാഴ്ചപ്പാട് നല്‍കുവാന്‍ റവ. വര്‍ഗീസിന്റെ മൂന്ന് പതിറ്റാണ്ടു കാലത്തെ അനുഭവ സമ്പത്തും ദൈവ ശാസ്ത്രത്തിലെ വൈദഗ്ധ്യവും സഹായകരമാകുമെന്ന് ഭദ്രാസന ബിഷപ്പ് ഡോ. ആന്‍ഡ്രൂ ഡോയേല്‍ പ്രസ്താവിച്ചു.
അമേരിക്കന്‍ സമൂഹത്തില്‍ അമൂല്യമായ സംഭാവനകള്‍ നല്‍കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ പൊതു ജീവിതത്തില്‍ സമഗ്രവും ക്രിയാത്മകവുമായ വളര്‍ച്ചയ്ക്ക് സഹായകരവുമാകുന്ന കാര്യപരിപാടികള്‍ സംഘടിപ്പിക്കുന്നതിനും സംഭാവനകള്‍ നല്‍കുന്നതിനും റവ. ഡോ. റോയി വര്‍ഗീസിന്റെ പുതിയ ഉത്തരവാദിത്വങ്ങള്‍ സഹായകരമാകുമെന്ന് ഭദ്രാസന കൗണ്‍സില്‍ പ്രത്യാശ പ്രകടിപ്പിച്ചു.