പനി ബാധയെത്തുടര്‍ന്ന് കണ്ണൂര്‍ താണ സ്വദേശിയായ പെണ്‍കുട്ടി ദുബൈയില്‍ മരിച്ചു. ആലിയ നിയാസ് അലി (17)യാണ് മരിച്ചത്. ദുബൈ ഇന്ത്യന്‍ ഹൈസ്‌കൂളിലെ 12ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. തിങ്കളാഴ്ച വരെ ആലിയ സ്‌കൂളില്‍ പോയിരുന്നു. പിന്നീടാണ് പനി മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് ദുബൈ റാഷിദ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ചൊവ്വാഴ്ച രാത്രിയോടെ മരണമടഞ്ഞു. ഖബറടക്കം ബുധനാഴ്ച രാവിലെ 11.30ന് അല്‍ ഖൂസില്‍ നടന്നു. കൃത്യമായ മരണകാരണം അറിവായില്ലെങ്കിലും പനികാരണമുണ്ടായ സങ്കീര്‍ണതകളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
പിതാവ് നിയാസ് അലി ജബല്‍ അലിയില്‍ ദുബായ് ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനം നടത്തുകയാണ്. മാതാവ്: ഫരീദ നിയാസ്. സഹോദരങ്ങള്‍: അമന്‍ അലി, അസാം അലി, അയാന്‍ അലി. നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ മലയാളി അമീന ഷറഫ് രണ്ടാഴ്ച മുന്‍പ് പനിയും വൈറല്‍ ബാധയും മൂലം മരിച്ചിരുന്നു. ദുബായിലെ മിക്ക സ്‌കൂള്‍ അധികൃതരും രക്ഷിതാക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളില്‍ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ നല്‍കണമെന്നും സ്‌കൂളിലേക്ക് അയയ്ക്കരുതെന്നും അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ക്ക് ഫ്‌ലൂവിനുള്ള പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമായും എടുക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു.