സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് അധികാരത്തിലെത്തുന്ന പുതിയ സർക്കാരിനു നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളി സാമ്പത്തിക രംഗത്തെ ചിലവഴിക്കലുകളാകുമെന്നു റിപ്പോർട്ടുകൾ. സർക്കാരിന്റെ കണക്കു കൂട്ടലുകളെല്ലാം തെറ്റിക്കുന്ന രീതിയിൽ കുത്തഴിഞ്ഞു കിടക്കുന്ന സാമ്പത്തിക രംഗത്തെ നേരെ നിർത്തുന്നതിനൊപ്പം, തിരഞ്ഞെടുപ്പു കാലത്തെ വാഗ്ദാനങ്ങൾ പാലിക്കുന്നതിനും പഴയ പദ്ധതികൾ സജീവമായി നിലനിർത്തുന്നതിനും സർക്കാരിനു പുതിയ ഫണ്ട് കണ്ടെത്തേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചന നൽകുന്നത്.
തിരഞ്ഞെടുപ്പു കാലത്തു നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ അടക്കം സാമ്പത്തികമായി ഏറെ തുക ചിലവഴിക്കേണ്ടി വരുന്നത് സർക്കാരിന്റെ ധനകാര്യ ശേഷിയെ തന്നെ ഏറെ ബാധിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കൃത്യസമയത്തിനുള്ളിൽ പണം ചിലവഴിക്കുകയും ചിലമേഖലകൾക്കായി കൂടുതൽ പണം കണ്ടെത്തേണ്ടി വരികയും ചെയ്യുന്ന സർക്കാരിന്റെ നിലവിലെ പ്രവർത്തനത്തെ ടൈം ബോംബ് എന്നാണ് ധനകാര്യ മേഖലയിലെ ഒരു പ്രമുഖനായ ഉദ്യോഗസ്ഥൻ വിശേഷിപ്പിച്ചത്. നിലവിൽ സർക്കാർ പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികൾക്കും, തിരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ച വികസന പ്രഖ്യാപനങ്ങളും നടപ്പാക്കുക എന്നതാവും ഇവിടെ പ്രധാനമായ കീറാമുട്ടി.
2009 ൽ പ്രഖ്യാപിച്ച ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതിനായി ഹോസ്പിറ്റൽ കൺസൾട്ടന്റുമാർ നൽകിയ ഹർജിയിൽ കോടതി സർക്കാരിനെതിരായി ഇതിനോടകം തന്നെ വിധി പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ പേരിൽ സർക്കാരിനു അതിവേഗം കണ്ടെത്തേണ്ടി വരുന്നത് 250 മുതൽ 300 മില്യൺ യൂറോ വരെയാവും. ഈ സാഹചര്യത്തിൽ സർക്കാരിനു ഇതു കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എംപ്ലോയ്‌മെന്റ് അപ്പീൽ ട്രൈബ്യൂണലിൽ രണ്ടു ജീവനക്കാർ നൽകിയ ഹർജിയിലാണ് ഇപ്പോൾ സർക്കാരിനെതിരായി വിധിയുണ്ടായിരിക്കുന്നത്. നിലവിലെ സാഹ്ചര്യത്തിൽ ഈ വിധിയുടെ അടിസ്ഥാനത്തിൽ ശമ്പള പരിഷ്‌കരണത്തിന്റെ ഗുണഫലങ്ങൾ ആവശ്യപ്പെട്ട് രണ്ടായിരത്തിലധികം ജീവനക്കാർ രംഗത്തെത്താൻ സാധ്യതയുണ്ട്. ഇവർക്കുള്ള പണം സർക്കാർ കണ്ടെത്തേണ്ടിയും വരും.