അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ സ്വതന്ത്ര അംഗങ്ങൾക്കു മുന്നിൽ അഞ്ചു വർഷത്തെ ഡീൽ പ്രഖ്യാപിച്ചു പ്രധാനമന്ത്രിയും ഫൈൻ ഗായേൽ നേതാവുമായ എൻഡാകെനി രംഗത്ത്. സ്വതന്ത്ര അംഗങ്ങളോടും ചെറുപാർട്ടികളോടുമാണ് അഞ്ചു വർഷത്തെ ഡീൽ പ്രഖ്യാപിച്ച് ഇപ്പോൾ എൻഡാ കെനി രംഗത്ത് എത്തിയിരിക്കുന്നത്. താൻ ഓഫിസ് ഒഴിഞ്ഞാലും ഈ കരാറുണ്ടാകുമെന്ന വാദ്ഗാദം ചെയ്യുന്ന എൻഡാ കെനി അഞ്ചു വർഷം ഭരണ സ്ഥിരത ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ ഈ വാഗ്ദാനങ്ങൾ എല്ലാം നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന ഫൈൻ ഗായേലിന്റെ സ്‌പെഷ്യൽ കോൺഫറൻസിലും പാർട്ടികമ്മിറ്റിയിലുമാണ് സർക്കാർ രൂപീകരണത്തിനു സ്വതന്ത്രരെയും ചെറു പാർട്ടികളെയും ആകർഷിക്കുന്നതിനുള്ള പ്രത്യേക പദ്ധതിക്കു രൂപം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുകക്ഷികൾക്കും ഫൈൻ ഗായേലിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി എൻഡാ കെനി സർക്കാർ രൂപീകരണത്തിൽ വാഗ്ദാനങ്ങൾ നൽകി രംഗത്ത് എത്തുകയും ചെയ്തത്.
സർക്കാർ രൂപീകരണത്തിനു സ്വതന്ത്ര അംഗങ്ങളും, ഗ്രീൻ പാർട്ടിയുടെ രണ്ട് ടിഡിമാരും, മറ്റ് സ്വതന്ത്ര ടിഡിമാരുമായും ചർച്ച നടത്തുന്നതിനായി അടുത്ത ആഴ്ച തന്നെ ഫൈൻ ഗായേലിന്റെ പാർലമെന്ററി പാർട്ടി യോഗം എൻഡാ കെനിയ്ക്കു അനുമതി നൽകുമെന്നാണ് സൂചനകൾ ലഭിക്കുന്നത്. ഹൗസിങും ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട വിഷയത്തിലാവും പ്രധാനമായും സ്വതന്ത്ര അംഗങ്ങളും ഗ്രീൻപാർട്ടി ടിഡിമാരുമായും എൻഡാ കെനിയുടെ നേതൃത്വത്തിൽ ധാരണയുണ്ടാകുക. ഇതോടൊപ്പം സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറുന്നതിനുള്ള സഹായം റൂറൽ ഏരിയയിലേയ്ക്കു കൂടി വർധിപ്പിക്കുന്നതിനുളള നടപടികളും ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്ന ഉറപ്പും എൻഡാ കെനി സ്വതന്ത്ര അംഗങ്ങൾക്കു നൽകുമെന്നും സൂചന ലഭിച്ചിട്ടുണ്ട്.