അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: ഫിന്നാഫെയിലിനും ഫൈൻ ഗായേലിനും തുല്യപങ്കാളിത്തമുള്ള സർക്കാർ അധികാരത്തിലെത്താൻ സാധ്യതയെന്നു റിപ്പോർ്ട്ടുകൾ. രണ്ടു പാർട്ടികളും തുല്യമായി അധികാരശ്രേണികൾ വീതം വയ്ക്കുന്ന ചർച്ചകളാണ് ഇപ്പോൾ പ്രാഥമിക ഘട്ടത്തിൽ പുരോഗമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സ്ഥിരമായ സർക്കാർ സംവിധാനമില്ലെങ്കിലും അയർലണ്ട് സമ്പദ് വ്യവസ്ഥ മുന്നോട്ടു തന്നെയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.. താൽക്കാലിക സർക്കാരിന്റെയും കാവൽ പ്രധാനമന്ത്രിയുടെയും നേതൃത്വത്തിലും രാജ്യം വികസനത്തിലേയ്ക്കു കുതിക്കുക തന്നെയാണ്. ഫൈൻ ഗായേൽ, ഫിന്നാ ഫെയിൽ എന്നീ പ്രമുഖ പാർട്ടികൾ ചെറു പാർട്ടികളും കക്ഷികളുമായി ചർച്ചകൾ തുടങ്ങിയിട്ടുണ്ടെങ്കിലും പുതിയ സുസ്ഥിര ഗവൺമെന്റിനെ തെരഞ്ഞെടുക്കാനായി ആഴ്ചകൾ വേണ്ടിവരും എന്നതാണ് സത്യം. ഭരണം നേടാൻ ഇരു പാർട്ടികൾക്കും സിൻ ഫെന്നിന്റെ പിന്തുണ ലഭിക്കാത്തിടത്തോളം സുസ്ഥരമായ സർക്കാർ എന്ന ലക്ഷ്യം അകന്നു നിൽക്കുമെന്നും കണക്കാക്കപ്പെടുന്നു. അതിനാൽ ഇരുപാർട്ടികളും പരസ്പര വിട്ടുവീഴ്ചകളോടെ ഭരണപങ്കാളിത്തത്തിന് മുതിർന്നാൽ മാത്രമേ അടുത്ത അഞ്ചു വർഷം മുഴുവനും ഭരിക്കാനുതകുന്ന സർക്കാരിന് രൂപം നൽകാൻ കഴിയൂ.നാളെ ഡയൽ ചേർന്നാലും പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനാവില്ലെന്നുള്ള സൂചനകളാണ് രാഷ്ട്രീയ നേതാക്കൾ നല്കുന്നത്. എങ്കിലും ഏപ്രിൽ 6 നോടെ പുതിയ സർക്കാർ ഉണ്ടായേക്കും.സ്ഥിരീകരണമില്ലെങ്കിലും ഫൈൻ ഗായേൽ 50/50 ഭരണപങ്കാളിത്തം ഫിന്നാ ഫെയിലിനു് നൽകി സർക്കാർ രൂപീകരിക്കാൻ തയ്യാറെടുക്കുന്നതായാണ് വിവരം. മന്ത്രിമാർ, പ്രധാനമന്ത്രി എന്നിവയിലെല്ലാം തത്തുല്യമായ വീതംവെപ്പ് ഉണ്ടാകുമെന്നും കരുതപ്പെടുന്നു. അങ്ങനെയെങ്കിൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ മന്ത്രിസഭാ പുനഃസംഘടനയുംപ്രധാനമന്ത്രി സ്ഥാനം വെച്ചു മാറാനുള്ള സാധ്യതയും ഉണ്ട്. തെരഞ്ഞെടുപ്പിന് ശേഷം വിവിധ പാർട്ടികൾക്കു ലഭിച്ച സീറ്റ് ഇങ്ങനെയാണ്; ഫൈൻ ഗായേൽ 50, ഫിന്നാ ഫെയിൽ 44, സിൻ ഫെൻ 23, ലേബർ 7, മറ്റുള്ളവർ 34. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കൽ അസാധ്യമാണ്.പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ രംഗത്തുള്ള എൻഡ കെന്നി, മൈക്കൽ മാർട്ടിൻ,ജെറി ആഡംസ് എന്നിവർക്കൊന്നും തന്നെ പാർലമെന്റ് അധോസഭയിൽ ആവശ്യമായ 79 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ചത്തേയ്ക്ക് (നാളെ ,മാർച്ച് 22) നീട്ടിവച്ചിരിക്കുകയാണ്. കാവൽ പ്രധാനമന്ത്രിയായി കെന്നിയും താൽക്കാലിക ഗവൺമെന്റും ഭരണഘടന പ്രകാരം ഭരണം നടത്തുന്നുണ്ടെങ്കിലും ഇവർക്ക് യഥാർത്ഥ ഗവൺമെന്റിന്റെ അധികാരങ്ങളലില്ല.
സ്ഥിതിഗതികൾ ഇങ്ങനെയൊക്കെയാണെങ്കിലും 2015 അവസാന പാദത്തിൽ രാജ്യം 8 ശതമാനത്തിനടുത്ത് വളർച്ച നേടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വളർച്ച പൂർണ്ണമായും ഭരണനിർവ്വഹണത്തെ ആശ്രയിച്ചുള്ളതാണ്. ചെലവ്, ടാക്‌സ് തുടങ്ങിയവയിൽ സമതുലനാവസ്ഥയിലെത്താൻ ഭരണകൂടത്തിന് കഴിഞ്ഞില്ലെങ്കിൽ ഈ വളർച്ച കുത്തനെ ഇടിയുകയും രാജ്യം കടക്കെണിയിലകപ്പെടുകയും ചെയ്യുമെന്നും കണക്കാക്കപ്പെടുന്നു. ഉടൻ തീരുമാനമെടുക്കേണ്ട പല കാര്യങ്ങളും രാജ്യത്ത് നിലനിൽക്കുന്നുണ്ടെങ്കിലും, ഭരണാന്തരീക്ഷത്തിലാകെ ഒരുതരം ആശയക്കുഴപ്പവും അനിശ്ചിതത്വവും നിലനിൽക്കുന്നതായാണ് കാണാൻ കഴിയുന്നത്.
സ്റ്റേറ്റ് സെക്ടർ സമരങ്ങൾ, ആരോഗ്യമേഖലയിലെ പ്രതിസന്ധി, താമസസ്ഥലവുമായി ബന്ധപ്പെട്ട പ്രതിസന്ധി എന്നിങ്ങനെയുള്ളവയിലൊന്നും തന്നെ ഇതേവരെ മാറ്റം വന്നിട്ടില്ല. രാജ്യത്തെ നിയമം പാലിക്കുന്ന പൗരന്മാർ പോലും അടുത്ത സർക്കാർ വെള്ളക്കരം ഒഴിവാക്കുമെന്നു കരുതി ഇപ്പോഴത്തെ കുടിശ്ശിക അടയ്ക്കാതിരിക്കുന്ന സ്ഥിതിയുമുണ്ട്.എന്തായാലും പുതിയ എന്തെല്ലാം സംഭവവികാസങ്ങളാണ് നാളെ ഉണ്ടാകുന്നത് എന്ന് കാത്തിരിക്കുകയാണ് അയർലണ്ടിലെ ജനങ്ങൾ.