സ്വന്തം ലേഖകൻ
സിഡ്‌നി: കത്തിയുടെ റോഡിനു നടുവിൽ നിന്നു ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പൊലീസ് വെടിവച്ചിട്ടു. നാലു പേരെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം ആക്രമണ ഭീഷണി തുടർന്ന യുവാവിനെയാണ് പൊലീസ് വെടിവച്ചു താഴെയിട്ടത്. മൂന്നു തവണ കത്തി താഴെയിടാൻ പൊലീസ് നൽകിയ മുന്നറിയിപ്പു പാലിക്കാതിരുന്നതിനെ തുടർന്നാണ് ഇയാളെ വെടിവച്ചത്.
കഴിഞ്ഞ ദിവസം രാവിലെ സിഡ്‌നിയിലെ ഷോപ്പിങ് സെന്ററിലായിരുന്നു സംഭവം. അക്രമാസക്തനായ ഇയാൾ കത്തിയുമായി ഷോപ്പിങ് മാളിനുള്ളിൽ കയറുകയായിരുന്നു. ആളുകൾക്കു നേരേ ആദ്യം കത്തി വീശി ഭീഷണി മുഴക്കിയ പ്രതി പിന്നീട് ആളുകളെ ആക്രമിക്കാൻ തുടങ്ങുകയായിരുന്നു. ആദ്യം കുട്ടിയെയുമായി എത്തിയ മാതാവിനെ ഇയാൾ ആക്രമിച്ചു. പിന്നീട്, മറ്റൊരു യുവാവിനെയും കാറിന്റെ ഡ്രൈവറെയും ആക്രമിച്ചു. ഇതോടെയാണ് സംഭവം അറിഞ്ഞു പൊലീസ് സംഘം സ്ഥലത്ത് എത്തിയത്.
പ്രതിയോടു ആദ്യം കത്തി താഴെയിടാൻ പൊലീസ് സംഘം ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾ ഇതിനു തയ്യാറാകാതെ കത്തി വീശി ഭീഷണി തുടരുകയായിരുന്നു. വീണ്ടും ഒരാളെക്കൂടി ആക്രമിക്കാൻ തുനിഞ്ഞതോടെ പൊലീസ് പ്രതിയെ വെടിവച്ചിട്ടു. നാലു തവണയാണ് പൊലീസ് ഇയാൾക്കെതിരെ നിറയൊഴിച്ചത്. ഇതിൽ ഒരു വെടിയുണ്ട പ്രതിയുടെ തല തുളച്ചു കടന്നു പോകുകയും ചെയ്തു. തുടർന്നു ഷോപ്പിങ് മാളിൽ നിന്നു പ്രതിയെ എയർ ആംബുലൻസിൽ ആശുപത്രിയിലേയ്ക്കു മാറ്റി. അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കിയിട്ടുണ്ട്.