പി.പി ചെറിയാൻ
അറ്റലാന്റ: അപ്പാർട്ട്‌മെന്റിലെ മുറിക്കകത്തു ഉറങ്ങികിടക്കുകയായിരുന്ന പുരുഷ ദമ്പതികളുടെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിച്ച കേസിൽ ജോർജിയയിൽ നിന്നുള്ള 48 വയസുകാരനായ ഫുൾട്ടൻ കൗണ്ടി സൂപ്പർവൈസർ കോർട്ട് ജഡ്ജി 40 വർഷത്തെ തടവിനു ശിക്ഷിച്ചു. ആഗ്‌സ്റ്റ് 24 ബുധനാഴ്ചയായിരുന്നു സുപ്രധാന വിധി പ്രഖ്യാപനം ഉണ്ടായത്.
ഫെബ്രുവരി 12 നു രാത്രി ജോലി കഴിഞ്ഞു റൂമിൽ ഉറങ്ങുകയായിരുന്ന ആന്റണി ഗുഡൻ, മാർക്വസ് റോബോർട്ട് എന്നിവരുടെ ശരീരത്തിലേയ്ക്കാണ് മാർട്ടിൻ ബ്ലാക്ക് വെൽ തിളച്ച വെള്ളം ഒഴിച്ചത്. വേദനകൊണ്ടു പിടഞ്ഞിരുന്ന ഇരുവരെയും കൈപിടിച്ചു ഉടനെ വീട്ടിൽ നിന്നു പുറത്തു പോകാൻ മാർട്ടിൻ ആവശ്യപ്പെട്ടു. സ്വവർഗ രതിക്കാർ എന്നു അട്ടഹസിച്ചാണ് മാർട്ടിൻ ഇവരോടു പുറത്തു പോകാൻ ആവശ്യപ്പെട്ടത്.
90 മിനിറ്റ് നീണ്ടു നിന്ന വിധി പ്രഖ്യാപനത്തിനു ശേഷമാണ് പ്രതി കുറ്റക്കാരനാണെന്നു കോടതി വിധിച്ചത്. 80 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് താങ്കൾ ചെയ്തിരിക്കുന്നതെന്നു ജഡ്ജി മാർട്ടിനോടു പറഞ്ഞു. ഹെയ്റ്റ് ക്രൈം എന്നാണ് ജഡ്ജി ഈ കേസിനെ വിശേഷിപ്പിച്ചത്. പൊള്ളലേറ്റ ദമ്പതികൾക്കു നീണ്ട ചികിത്സയും പ്ലാസ്റ്റിക് സർജറിയും വേണ്ടി വന്നിരുന്നു. ഹെയ്റ്റ് ക്രൈം ലൊ നിലവിൽ ഇല്ലാതിരുന്ന ജോർജിയയിൽ മാർച്ച് മാസമാണ് ഈ നിയമം കൊണ്ടുവന്നത്.
വീടിനുള്ളിൽ വലിയൊരുകലത്തിൽ വെള്ളം നിറച്ചു മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് പ്രതി പ്രവർത്തിച്ചത്. സ്വവർഗ വിവാഹിതരോടു വിദ്വേഷം വച്ചു പുലർത്തിയിരുന്നയാളാണ് പ്രതിയെന്നു പ്രോസിക്യൂഷൻ വാദിച്ചു.