യാത്ര തിരിച്ച് പകുതിദൂരം പിന്നിട്ടശേഷം സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സ് 3606 തിരികെ പറക്കുന്നതുകണ്ട യാത്രക്കാര്‍ അന്തംവിട്ടു. പറന്നുയര്‍ന്ന വിമാനം എന്താ തിരിച്ചു പറക്കുന്നതെന്നറിയാതെ യാത്രക്കാരെല്ലാം അമ്പരന്നു. കാരണമറിഞ്ഞപ്പോള്‍ അവരുടെ അമ്പരപ്പ് ദയാവായ്പിനു വഴിമാറി. വിമാനത്തില്‍ കൊണ്ടുപോകാന്‍ വെച്ച ഹൃദയം മറന്നതിനെ തുടര്‍ന്നാണ് സിയാറ്റിലില്‍നിന്നും ഡാളസിലേക്ക് പോകുകയായിരുന്ന സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സ് വിമാനം തിരികെ പറന്നത്. വാല്‍വ് കൈമാറ്റം ചെയ്യുന്നതിനായാണ് ഹൃദയം കൊണ്ടുപോയത്. ആരുടെയെങ്കിലും ജീവന്‍ രക്ഷിക്കാനാണോ അല്ലെങ്കില്‍ ആശുപത്രിയില്‍ സൂക്ഷിക്കാനാണോ ഹൃദയം കൊണ്ടുപോയതെന്നത് വ്യക്തമല്ല. സാധാരണ നിലയില്‍ 46 മണിക്കൂറിനുള്ളില്‍ ഹൃദയം സ്വീകര്‍ത്താവിന് നല്‍കണമെന്നാണ്. എന്നാല്‍, വാല്‍വ് ഉപയോഗത്തിനായതിനാല്‍ 48 മണിക്കൂര്‍ വരെ സമയമുണ്ടായിരുന്നുവെന്ന് വിദഗ്ധര്‍ പറഞ്ഞു. പ്രാണരക്ഷക്കുള്ള അവയവങ്ങള്‍ വാണിജ്യ വിമാനങ്ങളില്‍ കൊണ്ടുപോകുന്നത് അപൂര്‍വമാണ്.