പി.പി ചെറിയാൻ
ഡാള്ളസ്: അമേരിക്കൻ എയർലൈൻസിൽ ഡാള്ളസിൽ നിന്നും ഒറിഗണിലേയ്ക്കു യാത്ര ചെയ്യുകയായിരുന്ന പതിമൂന്നു വയസുള്ള പെൺകുട്ടിയെ സ്പർശിച്ചു എന്ന കുറ്റം ആരോപിച്ചു ചാഡ് കാമറോൺ ക്യാംമ്പ് എന്ന 26 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂൺ 16 നായിരുന്നു കേസിനാസ്പദമായ സംഭവം. മാതാപിതാക്കൾ ഇല്ലാതെ എയർ ഹോസ്റ്റസിന്റെ സംരക്ഷണയിലാണ് പെൺകുട്ടി അമേരിക്കൻ എയർലൈൻസിൽ ഡാള്ളസിൽ നിന്നും പുറപ്പെട്ടത്. വിമാനത്തിൽ ധാരാളം സീറ്റുകൾ ഒഴിവുണ്ടായിട്ടും പെൺകുട്ടി ഇരുന്നിരുന്ന സീറ്റിനടുത്തുള്ള സീറ്റിലാണ് ചാഡ് തിരഞ്ഞെടുത്തത്.
വിമാനം പറന്നുയർന്നതു മുതൽ ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്യാൻ ആരംഭിച്ചു. ഒരു ഘട്ടത്തിൽ എയർ ഹോസ്റ്റസ് യുവാവിനോടു മറ്റൊരു സീറ്റിലേയ്ക്കു മാറിയിരിക്കാനും ആവശ്യപ്പെട്ടിരുന്നു. തുടർച്ചയായി പെൺകുട്ടിയെ സ്പർശിക്കുവാൻ ശ്രമിച്ചതിനെ തുടർന്നു കരഞ്ഞ കുട്ടിയെ വിമാനയാത്രക്കാരും ജീവനക്കാരും ചേർന്നു മറ്റൊരു സീറ്റിലേയ്ക്കു മാറ്റിയിരുത്തുകയായിരുന്നു.
വിമാനം പോർട്ട് ലാൻഡിൽ ലാൻഡ് ചെയ്തതോടെ പെൺകുട്ടിയുടെ പരാതി നൽകി യുഎസ് ഡിസ്ട്രിക്റ്റ് കോർട്ട് കേസുകൾ പരിഗണനയ്ക്കു എടുത്തു. തുടർന്നു പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനു ഉത്തരവിടുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ജാമ്യം നൽകാതെ ജയിലിലേയ്ക്കു അടച്ചു. വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ സ്ത്രീകളെ ശല്യം ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പാണ് ഇത്.