ഡബ്ലിന്‍: മഴക്കെടുതിയില്പ്പെട്ടവര്ക്കു ഇന്‍ഷ്വറന്‍സ് തുക അനുവദിക്കുന്നതില്‍ തര്‍ക്കം ഉന്നയിക്കുന്ന ഇന്‍ഷ്വറന്‍സ് കമ്പനികളെ വരുതിയില്‍ നിര്‍ത്താന്‍ സമ്മര്‍ദന തന്ത്രങ്ങളും ചര്‍ച്ചകളുമായി സര്‍ക്കാര്‍ രംഗത്ത്. സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാര സ്കീം തള്ളിക്കളഞ്ഞ ഇന്‍ഷ്വറന്‍സ് കമ്പനികളുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മന്ത്രിമാരും വ്യക്തമാക്കുന്നത്. എന്നാല്‍, കമ്പനികള്‍ ഇപ്പോഴും സര്‍ക്കാരിന്റെ നീക്കത്തെ വെല്ലുവിളിച്ചു തന്നെ മുന്നോട്ടു പോകുകയാണ്.
ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഇത്തരത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി എന്ഡാകെനിയും ഇതുമായി ബന്ധപ്പെട്ട മന്ത്രിമാരും ഇന്ന് ഇന്‍ഷ്വറന്‍സ് കമ്പനി പ്രതിനിധികളെ സന്ദര്‍ശിക്കുന്നുണ്ട്. ഇവര്‍ വിഷയം സംബന്ധിച്ചു ചര്‍ച്ച ചെയ്യുമെന്ന സൂചനകളാണ് പ്രാഥമികമായി ഇപ്പോള്‍ ലഭിക്കുന്നത്. വെള്ളപ്പൊക്കകെടുതി അനുഭവിക്കുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് നല്‍കാനാവാത്തതിന്റെ കാരണങ്ങള്‍ കമ്പനി അധികൃതര്‍ വിശദീകരിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ ദശലക്ഷങ്ങള്‍ ചിലവഴിച്ച് വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലെ വീടുകളും കെട്ടിടങ്ങളും നന്നാക്കുന്നുണ്ട്. എന്നാല്‍, ഇന്‍ഷ്വറന്‍സ് പരിരക്ഷയുണ്ടായിരുന്ന പ്രദേശങ്ങളില്‍ വീടുകളും കെട്ടിടങ്ങളും നന്നാക്കുന്നതിനു ഇന്‍ഷ്വറന്‍സ് കമ്പനികളുടെ സഹായം അനുവദിക്കണമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ മുന്നോട്ടു വയ്ക്കുന്നത്. ശുഭാപ്തിവിശ്വാസത്തോടെയുള്ള ചര്‍ച്ചകളാണ് ഇനി ഇന്‍ഷ്വറന്‍സ് കമ്പനികളുമായി നടക്കേണ്ടതെന്ന അഭിപ്രായമാണ് ഇപ്പോള്‍ പ്രധാനമന്ത്രി എന്‍ഡാകെനി മാധ്യമങ്ങളുമായി പങ്കുവച്ചത്. റൂറല്‍ ഏരിയയിലും അര്‍ബന്‍ ഏരിയയിലും വെള്ളപ്പൊക്കകെടുതികള്‍ രണ്ടു രീതിയിലാണ്. രണ്ടു രീതിയിലാണ് ഈ പ്രദേശങ്ങളില്‍ രക്ഷാദൗത്യങ്ങള്‍ ഏകോപിപ്പിക്കേണ്ടിയും വരുന്നത്.
ഈ സാഹചര്യത്തിലാണ് സര്ക്കാന് ഇന്‍ഷ്വറന്‍സ് കമ്പനികളുടെ സഹായം അഭ്യര്‍ഥിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെര്മോനി, ക്ലോമെല് എന്നിവിടങ്ങളിലും മറ്റു പ്രദേശങ്ങളിലും ഇപ്പോഴും മഴക്കെടുതിയുടെ ബാക്കി വശങ്ങളുണ്ട്. ഈ പ്രദേശങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്‍ഷ്വറന്‍സ് കമ്പനികളുടെ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.