എം. മുണ്ടയാട്
ഫൊക്കാന- ഫോമ ജ്വരം പാരമ്യതയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. അണികളുടെ ആവേശം തിരകളായി മലയാളി സമൂഹത്തിലേക്ക് ഇരമ്പിയെത്തിത്തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. എവിടേയും ഗ്രൂപ്പ് യോഗങ്ങളും, ചര്‍ച്ചകളും, തന്ത്രങ്ങള്‍ മെനയുന്നതിന്റെ അലയടികളും. ഒരു പാത്രത്തിലുണ്ടിരുന്നവര്‍ ഉണ്ണാതെയും ഉറങ്ങാതെയുമായിട്ട് ദിവസങ്ങളായി. എവിടെയും സുനാമിക്കു മുമ്പുള്ള ഒരസ്വസ്ഥത.
ഈ അസ്വസ്ഥതകള്‍ക്കിടയിലും രണ്ട് ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളും പ്രവാസി ചാനല്‍ സ്റ്റുഡിയോയില്‍ ഒന്നിച്ചെത്തി- പരസ്പരം കൈകൊടുത്തു. സൗഹൃദം പങ്കുവെച്ചു. പറയാവുന്നതൊക്കെ പറഞ്ഞു. പറയേണ്ടാത്തത് തന്ത്രപരമായി ഒഴിഞ്ഞുമാറി. മൂന്നു മണിക്കൂറോളം രണ്ടുപേരും സ്റ്റുഡിയോയിലെ ഓഫീസിലും, റെക്കോര്‍ഡിംഗ് ഫ്‌ളോറിലുമായി ചിലവിട്ടു. പ്രവാസി ചാനല്‍ ചെയര്‍മാന്‍ വര്‍ക്കി ഏബ്രഹാം, മാനേജിംഗ് ഡയറക്ടര്‍ സുനില്‍ ട്രൈസ്റ്റാര്‍, ആങ്കറും എഴുത്തുകാരനുമായ ജോര്‍ജ് തുമ്പയില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തമ്പി ചാക്കോ മകനും ഫൊക്കന മുന്‍ ജനറല്‍ സെക്രട്ടറിയുമായ ബോബിയോടും, കൊച്ചുമകള്‍ കാലേബുവുമൊത്താണ് എത്തിയത്. മാധവന്‍ ബി. നായര്‍ നാമം ഭാരവാഹി ശീമന്ത് കുമാറിനൊപ്പവും എത്തി.
രണ്ടു പേരേയും ഒന്നിച്ചണിനിരത്തണമെന്ന് ആദ്യം വിചാരിച്ചെങ്കിലും, രണ്ടായി തന്നെ ആവട്ടെ എന്ന് ചാനല്‍ ഭാരവാഹികള്‍ തീരുമാനിക്കുകയായിരുന്നു. സമാനതകളും അല്ലാത്തതുമായ ചോദ്യങ്ങളാണ് രണ്ടുപേരോടും ഫേസ് ടു ഫേസിന്റെ അവതാരകന്‍ കൂടിയായ ജോര്‍ജ് തുമ്പയില്‍ ചോദിച്ചത്. ഫൊക്കാനയെപ്പറ്റി കരുതലും, സംഘടനയാണ് മറ്റെന്തിനേക്കാളും വലുത് എന്ന ആശയവുമാണ് രണ്ടുപേരും പ്രകടിപ്പിച്ചത്. ജയിക്കുമെന്ന കാര്യത്തില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച രണ്ടുപേരും അവരവരുടേതായ ന്യായവാദനങ്ങളും നിരത്തി. ഒരു കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് വിദഗ്ധന്‍കൂടിയായ മാധവന്‍ ബി. നായര്‍ ഫൊക്കനയെ കെട്ടുറപ്പുള്ള ഒരു പ്രസ്ഥാനമായി മാറ്റുമെന്നു പറഞ്ഞു. ഫൊക്കാനയുടെ ഉത്ഭവം മുതല്‍ ഇതോടൊപ്പമുള്ള തമ്പി ചാക്കോ ഇരുത്തംവന്ന നേതാവെന്ന നിലയില്‍ ഫൊക്കാനയുടെ ശില്പികള്‍ ആവിഷ്‌കരിച്ച നയപരിപാടികള്‍ കാലഘട്ടത്തിനനുസൃതമായി പരിഷ്‌കരിച്ച് സംഘടനയെ മുന്നോട്ടു നയിക്കുമെന്നു പറഞ്ഞു.
കേരളത്തില്‍ കണ്‍വന്‍ഷന്‍ നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനു രണ്ടുപേരും ഒരേ ഉത്തരമാണ് നല്‍കിയത്- നടത്തും. രാഷ്ട്രീയക്കാര്‍ക്കും, സിനിമാക്കാര്‍ക്കും അയിത്തം ഒന്നും കല്പിക്കുന്നില്ലെങ്കിലും നോക്കിയും കണ്ടും മാത്രമേ അവരെയൊക്കെ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ- രണ്ടുപേര്‍ക്കും ഏകാഭിപ്രായം.
രണ്ട് അഭിമുഖങ്ങളും ജൂണ്‍ 28-നു ചൊവ്വാഴ്ചയും 29-നു ബുധനാഴ്ചയും പ്രവാസി ചാനലിന്റെ ഫേസ് ടു ഫേസ് പ്രോഗ്രാമില്‍ മുഴുവനായും കാണാവുന്നതാണ്. വൈകുന്നേരം 7.30-നു തമ്പി ചാക്കോയും, 8 മണിക്ക് മാധവന്‍ ബി. നായരും. കൂടുതല്‍ വിവരങ്ങള്‍ക്ക്: (908) 345 5983.