ജോസഫ് കുരിയപ്പുറം
ഒരു കാലത്ത് അമേരിക്കൻ മലയാളികളുടെ അവിഭാജ്യ ഘടകമായിരുന്ന ഫൊക്കാനയുടെ ഭാവി നിർണ്ണയിക്കുന്ന ദിവസമായ ഒക്ടോബർ 15 സമാഗതമാകാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ! ഒരു സമവായത്തിലൂടെയോ തെരഞ്ഞെടുപ്പിലൂടേയോ പുതിയ ഭാരവാഹികൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, ഫൊക്കാനയുടെ അംഗസംഘടനകളുടേയും ഭാരവാഹികളുടേയും ശ്രദ്ധയ്ക്ക് താഴെ പറയുന്ന ചില നിർദ്ദേശങ്ങൾ കുറിയ്ക്കുന്നു.
ഫൊക്കാന ഒരു സാമൂഹ്യസാംസ്ക്കാരിക സംഘടനയാണെന്ന സത്യം ഭാരവാഹികൾ വിസ്മരിക്കരുത്. ഫൊക്കാനയുടേ ഭരണഘടനാപരമായ സാധുതകൾ തർക്കമുണ്ടായ സമയങ്ങളിലെല്ലാം കോടതി മുഖേന സ്ഥിരപ്പെടുത്തിയിട്ടുള്ളതാണ്. വർഗീയ സംഘടനകൾക്ക് മുൻപും അംഗത്വം നിഷേധിച്ചിരുന്ന ഫൊക്കാനയിൽ ഭാരവാഹികളുടെ അറിവില്ലായ്മകൊണ്ട് അംഗത്വം നേടിയ ഒരു വർഗീയ സംഘടനയും അതിന്റെ സ്ഥാപക നേതാവിനെ ഫൊക്കാന പ്രസിഡന്റാക്കാനുള്ള ചില തല്പരകക്ഷികളുടെ ഗൂഢശ്രമങ്ങളും മാറ്റിനിർത്തിയാൽ ഫൊക്കാനയിൽ അപസ്വരങ്ങളൊന്നുമില്ല.
രണ്ടുവർഷം മുൻപ് അംഗത്വമെടുത്തു എന്ന ഒറ്റക്കാരണത്താൽ അവരുടെ സംഘടനാപരമായ അവകാശങ്ങൾ തുടർന്നും നൽകണം എന്ന വാദത്തിന് കഴമ്പില്ല. തെറ്റായ മാർഗത്തിലൂടെ അംഗത്വം നേടിയ വർഗീയ സംഘടനയുടെ അംഗത്വം റദ്ദാക്കാനും, നിയമസാധുതയില്ലാതാക്കാനും അവർക്ക് അംഗത്വമെടുക്കാൻ ഒത്താശ ചെയ്തവരും ഭാരവാഹികളും ധൈര്യം കാണിക്കണം.
മേല്പറഞ്ഞ സംഘടന പുറത്തുപോകാൻ തയ്യാറാണെന്നറിയിച്ചിട്ടും സ്ഥാപകനേതാവിനെ വെച്ച് വില പേശുന്ന ഫൊക്കാന പ്രസിഡന്റിന്റേയും, ചെയർമാന്റേയും വികലമായ കുതന്ത്രങ്ങളെ അംഗസംഘടനകൾ തിരിച്ചറിയണം.
ടൊറൊന്റോ കൺവൻഷനിൽ വെച്ച് തെരഞ്ഞെടുപ്പു നടക്കാതെ പോയതിന്റെ ഏക കാരണം ഈ നേതാവിൽ നിന്നും കൈപ്പറ്റിയ ആനുകൂല്യങ്ങളായിരുന്നു എന്ന് ഏവർക്കും അറിയാവുന്ന സത്യമാണ്. അങ്ങനെയുള്ള ഒരു നേതാവിനെ ചുമക്കുന്നവരാണ് ഫൊക്കാനയിലെ പ്രശ്നക്കാരെന്ന് അംഗസംഘടനകൾ മനസ്സിലാക്കണം. പണം കൊടുത്ത് അധികാരം കൈക്കലാക്കാമെന്ന ദുരാഗ്രഹമാണ് ഫൊക്കാനയിൽ ഇന്ന് കാണുന്ന പ്രതിസന്ധിയുടെ മുഖ്യ കാരണം.
ഈ പ്രതിസന്ധി പരിഹരിക്കാൻ ചുമതലപ്പെടുത്തിയ പന്ത്രണ്ടംഗ സമിതിയുടെ പരാജയ കാരണവും മേല്പറഞ്ഞ സംഘടനയെ നിലനിർത്തിക്കൊണ്ട് സമവായത്തിന് ശ്രമിച്ചതുകൊണ്ടാണ്. ഫൊക്കാനയുടെ ദൗത്യവും വീക്ഷണവും സംഘടന സ്ഥാപിതമായപ്പോൾ തന്നെ അതിന്റെ അടിസ്ഥാന പ്രഖ്യാപിത നയങ്ങൾ വ്യക്തമായി നിയമാവലിയിൽ എഴുതിച്ചേർത്തിട്ടുള്ളതാണ്. അതനുസരിച്ചാണ് ഐ.ആർ.എസ്. ഫൊക്കാനയെ രജിസ്റ്റർ ചെയ്തിട്ടുള്ളതും. യാതൊരു കാരണവശാലും ഏതെങ്കിലും മതസംഘടനകൾക്ക് അംഗത്വം കൊടുക്കാൻ നിയമാവലിയിൽ നിഷ്ക്കർഷിച്ചിട്ടില്ല. അഥവാ ആരെങ്കിലും അതിന് ശ്രമിക്കുകയും, അംഗസംഘടനകളെ സ്വാധീനിക്കുകയും, അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്താൽ അവർ ഫൊക്കാനയുടെ ശവക്കുഴിയാണ് തോണ്ടുന്നതെന്ന് ഓർമ്മിപ്പിക്കുകയാണ്.
രണ്ടാമതായി ചർച്ചയ്ക്ക് വരുന്ന വിഷയം ന്യൂജെഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അസ്സോസിയേഷൻ ഓഫ് ന്യൂജെഴ്സി (മഞ്ച്) യുടെ അംഗത്വമാണ്. നിലവിലുള്ള ഫൊക്കാന ഭരണഘടനയനുസരിച്ച് പുതുതായി വരുന്ന സംഘടനകൾക്ക് രണ്ട് വർഷത്തെ കാത്തിരിപ്പ് വേണമെന്നുള്ളതിനാൽ ഈ സംഘടനയുടെ പ്രതിനിധികൾക്ക് നിയമാനുസൃതമായി വോട്ട് ചെയ്യാൻ അവകാശമില്ല എന്ന സത്യം ഈ സംഘടനയുടെ ഭാരവാഹികളും ഇതര അംഗസംഘടനകളും അംഗീകരിക്കേണ്ടി വരും.
മൂന്നാമതായി ചർച്ച ചെയ്യപ്പെടുന്ന വിഷയം ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയർമാന്റെ ‘റബ്ബർ സ്റ്റാമ്പ്’ ആയി പ്രവർത്തിക്കുന്ന ഇലക്ഷൻ കമ്മീഷണറാണ്. അദ്ദേഹം കാട്ടിക്കൂട്ടിയ വിക്രിയകൾ ഒരംഗ സംഘടനയ്ക്കും സഹിക്കാവുന്നതിലുമപ്പുറമാണ്. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട കമ്മീഷണർ ഇതുവരെ എത്ര അംഗ സംഘടനകൾ അംഗത്വ ഫീസ് പുതുക്കിയെന്നോ, എത്ര ഇലക്ഷൻ നോമിനേഷനുകൾ നിരാകരിച്ചുവെന്നോ തുടങ്ങിയ വിവരങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വെളിപ്പെടുത്തിയിട്ടില്ല.
ഫൊക്കാന വിട്ടുപോയ പല സംഘടനകളുടേയും പേരിൽ വ്യാജമായി നോമിനേഷനുകൾ സ്വീകരിച്ചതും, പ്രതിനിധികളുടെ അംഗത്വത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വവും ഇലക്ഷൻ രംഗം പ്രക്ഷുബ്ധമാകുമെന്നുറപ്പ്.
ഫൊക്കാനയുടെ ഭരണഘടനയനുസരിച്ച് ഫൊക്കാനയല്ലാതെ മറ്റേതെങ്കിലും സമാന സംഘടനയിൽ അംഗത്വമുള്ളവർക്ക് അവരുടെ അംഗത്വ ഫീസ് പുതുക്കാനാവില്ല. ഈ നിയമം കർശനമായി പാലിച്ചാൽ ഇപ്പോഴത്തെ പല സംഘടനകളുടേയും സ്ഥാനാർത്ഥികളുടെ നോമിനേഷൻ അസാധുവാകുകയും പ്രതിനിധികൾക്ക് വോട്ടു ചെയ്യാൻ സാധിക്കാതെ വരികയും ചെയ്യും.
തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിൽ ഒട്ടും പിന്നിലല്ലാത്ത മലയാളി, എതിർസ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ഈ ഭരണഘടനാ വ്യവസ്ഥകൾ പുറത്തെടുത്താൽ ഇലക്ഷൻ കമ്മീഷണർക്ക് നിഷേധിക്കാനാവില്ല. അങ്ങനെ വന്നാൽ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാന്റെ കണക്കനുസരിച്ച് ഏകദേശം പന്ത്രണ്ട് സംഘടനകൾക്ക് മാത്രമാണ് വോട്ടവകാശം ലഭിക്കുകയുള്ളൂ. നിയമാനുസൃതം എഴുതപ്പെട്ട ഭരണഘടനയെ അംഗീകരിക്കാതെ വന്നാലുള്ള ഭവിഷ്യത്തുകൾ അനേകമാണ്. സദസ്സിലിരുന്ന് തമ്മിൽത്തല്ലുന്ന പോലെയല്ല ഗവണ്മെന്റിൽ നിന്ന് ചോദ്യങ്ങൾ വരുമ്പോൾ. ഫൊക്കാനയുടെ നിലനില്പിനെത്തന്നെ ബാധിക്കുന്ന ഗൗരവമായ വിഷയമാണത്. നിയമാനുസൃതം തെരഞ്ഞെടുക്കപ്പെടുന്നവർ മറ്റുള്ളവരെ ഉൾക്കൊള്ളാൻ സന്മനസ്സ് കാണിക്കുകയാണെങ്കിൽ ഒരു സമവായത്തിലൂടെ പരിഹരിക്കാവുന്ന പ്രശ്നമേ ഇപ്പോൾ നിലവിലുള്ളൂ.
ഫൊക്കാനയുടെ നന്മ ആഗ്രഹിക്കുന്നവരെ ഫൊക്കാനയുടെ ഭരണഘടനയോടും വിധേയത്വം കാണിക്കണം. അതില്ലാതെ പ്രസിഡന്റും ചെയർമാനും ഒത്തുകളിച്ചതാണ് ഇതുവരെയുള്ള പ്രതിസന്ധിക്ക് കാരണമെങ്കിൽ ഭരണഘടനയ്ക്കനുസൃതമായ ഒരു സമവായമോ തെരഞ്ഞെടുപ്പോ ഈ പ്രതിസന്ധി മറികടക്കാൻ ഫൊക്കാനയെ സഹായിക്കും.
ഒരു സമവായമാണ് അംഗസംഘടനകൾ ഉദ്ദേശിക്കുന്നതെങ്കിൽ ഒന്നാമതായി വർഗീയ സംഘടനയെ പുറത്താക്കുകയും അതിനുശേഷം ഭരണഘടനാനുസൃതമായി നോമിനേഷൻ സമർപ്പിച്ചിട്ടുള്ള സ്ഥാനാർത്ഥികളുമായി ഒരു സൗഹൃദ സംഭാഷണത്തിലൂടെ അടുത്ത ഭാരവാഹികളെ നിശ്ചയിക്കാം. ഒരു വർഗീയ സംഘടനയെ മാറ്റി നിർത്താതെ സമവായം ഉണ്ടാകുമെന്ന് ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവർ മൂഢസ്വർഗത്തിലാണെന്ന് ഓർമ്മപ്പെടുത്തട്ടേ. ഒരു തെരഞ്ഞെടുപ്പാണ് അംഗസംഘടനകൾ ഉദ്ദേശിക്കുന്നതെങ്കിൽ അതും ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രസിഡന്റോ, ചെയർമാനോ, ഇലക്ഷൻ കമ്മീഷണറോ മറ്റു പാർശ്വവർത്തികളോ ശ്രമിച്ചാലും വിപരീത ഫലമായിരിക്കും ഉണ്ടാവുക.
വർഷങ്ങളായി ഫൊക്കാനയുടെ വരവു ചിലവു കണക്കുകൾ അവതരിപ്പിക്കുകയോ, കമ്മിറ്റി സാക്ഷ്യപ്പെടുത്തുകയോ, അംഗസംഘടനകൾക്ക് അയച്ചുകൊടുക്കുകയോ ചെയ്തിട്ടില്ല എന്ന ആക്ഷേപവും നിലനിൽക്കുന്നു. ബോർഡ് ഓഫ് ട്രസ്റ്റിയുടെ പക്കൽ എത്ര പണം ഉണ്ടെന്ന കാര്യവും ഇതുവരെ ആർക്കും അറിയില്ല. പണം എന്തു ചെയ്തു എന്ന വിവരം ചെയർമാൻ വെളിപ്പെടുത്താൻ വിസമ്മതിക്കുന്നു. നിശ്ചിത സമയത്ത് കണക്കു ബോധിപ്പിക്കാത്തവരെ സംഘടനയോടുകൂടി ഫൊക്കാനയിൽ നിന്ന് പുറത്താക്കണമെന്ന നിയമം ഭരണഘടനയിലുണ്ടായിരുന്നിട്ടു കൂടി, യാതൊരു സങ്കോചവുമില്ലാതെ പ്രസിഡന്റിന്റേയും ചെയർമാന്റേയും അറിവോടെ ഈ മുൻ ഭാരവാഹികൾ ജനറൽ കൗൺസിലിലിരുന്ന് വീമ്പിളക്കുന്നത് അംഗസംഘടനകളും പ്രതിനിധികളും തിരിച്ചറിയണം.
ചുരുക്കത്തിൽ ഭരണത്തുടർച്ച ആവശ്യപ്പെടുന്ന ഫൊക്കാന നേതൃത്വം തങ്ങളുടെ കുറ്റകൃത്യങ്ങളും, ഫണ്ട് ദുർവിനിയോഗവും മറച്ചുവെയ്ക്കാൻ വേണ്ടി അംഗസഘടനകളെ തെറ്റിദ്ധരിപ്പിക്കുകയും, ഭരണഘടന വികലമാക്കുകയുമാണ് ചെയ്യുന്നത്. ഇതിനൊരു മാറ്റം വരുത്താൻ, സമവായമായാലും തെരഞ്ഞെടുപ്പായാലും, ഫൊക്കാനയുടെ എഴുതപ്പെട്ട ഭരണഘടനയനുസരിച്ചായിരിക്കണമെന്ന് അംഗസംഘടനകളും, പ്രതിനിധികളും ആവശ്യപ്പെടുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്താൽ ഫൊക്കാന അമേരിക്കൻ മലയാളികൾക്ക് എന്നെന്നും വിലപ്പെട്ടതായിരിക്കും.