ന്യൂയോര്‍ക്ക്: ജൂലൈ ഒന്നു മുതല്‍ നാലു വരെ കാനഡയിലെ ടൊറന്റോയില്‍ വച്ചു സംഘടിപ്പിച്ച 17-ാംമത് ഫൊക്കാന കണ്‍വന്‍ഷനില്‍ നടന്ന വിവിധ മത്സരങ്ങളില്‍ ഹഡ്സണ്‍വാലി മലയാളി അസോസിയേഷനില്‍ നിന്നും പങ്കെടുത്തവര്‍ വിജയക്കൊടി പാറിച്ചു.
അതില്‍ ഏറ്റവും അഭിമാനകരമായ വിജയം, ഫൊക്കാനയുടെ മുന്‍ കണ്‍വന്‍ഷനുകളിലെല്ലാം ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള മത്സരമായ ബ്യുട്ടി പേജന്റ് കോമ്പറ്റീഷനില്‍ സെക്കന്‍ഡ് റണ്ണറപ്പ് ആയ അഞ്ജലി വെട്ടത്തിന്റെ വിജയമാണ്. മലയാള സിനിമയിലെ പ്രഗത്‌ഭരായ നടീനടന്മാര്‍ ഉള്‍പ്പെട്ട ജഡ്ജിംഗ് പാനലായിരുന്നു വിധി നിര്‍ണയിച്ചത്. ഏകദേശം രണ്ടായിരത്തി അഞ്ഞൂറു കാണികളും മലയാള സിനിമയുടെ അഭിമാനമായ മഹാനടന്‍ ദിലീപ്, മമത, എം.പി.യായ ആന്റോ ആന്റണി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലും ആയിരുന്നു മത്സരം അരങ്ങേറിയത്.
ഈ വര്‍ഷം ഹൈസ്‌കൂള്‍ പാസ്സായ അഞ്ജലി, അസോസിയേഷന്‍ പ്രസിഡന്റ് ഷാജിമോന്‍ വെട്ടത്തിന്റെ പുത്രിയാണ്. ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ യൂത്ത് റെപ്രസെന്ററ്റീവ് കൂടിയായ അഞ്ജലി, ന്യൂയോര്‍ക്കിലെ ന്യൂപാള്‍റ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ പ്രോഗ്രാം ചെയ്യുന്നു.
മറ്റൊരു വിജയം സ്പെല്ലിങ് ബി മത്സരത്തില്‍ എബി എബ്രഹാമിന്റെ ഒന്നാം സ്ഥാനം. നിരവധി കുട്ടികള്‍ മാറ്റുരച്ച മത്സരം വളരെ കടുത്തതായിരുന്നെങ്കിലും അവരെയൊക്കെ പിന്തള്ളിയാണ് എബി സമ്മാനത്തിന് അര്‍ഹനായത്. അസോസിയേഷന്‍ മുന്‍ സെക്രട്ടറിയായ അലക്സ് എബ്രഹാമിന്റെ പുത്രനാണ് എബി. അതുപോലെ പുഷ്‌പാലങ്കാര മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഗ്രേസ് വെട്ടം ആണ്. അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാജ്യോതി മലയാളം സ്‌കൂളിന്റെ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ ഗ്രേസ് അഞ്ജലിയുടെ മാതാവുമാണ്.
ഫൊക്കാന സംഘടിപ്പിച്ച ഉദയകുമാര്‍ മെമ്മോറിയല്‍ വോളിബോള്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്തമാക്കിയത് എച്.വി.എം.എ.യുടെ മുന്‍ യൂത്ത് റെപ്രസെന്ററ്റിവായ അലോഷ് അലക്സ് ഉള്‍പ്പെട്ട ന്യൂയോര്‍ക്ക് സ്പൈക്കേഴ്സ് ആണ്. ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ നിയുക്ത പ്രസിഡന്റ് ലൈസി അലക്സ്, അലോഷ് അലക്സിന്റെ മാതാവാണ്. ലൈസി അലക്സിന്റെ പുത്രി അഷിത അലക്സ്, ഗ്ലിംപ്സസ് ഓഫ് ഇന്ത്യാ മത്സരത്തിലും വിജയം കൈവരിച്ചു.
സമ്മാനാര്‍ഹരായ എല്ലാവരെയും ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ അനുമോദിച്ചു. അഭിമാനകരമായ സമ്മാനങ്ങള്‍ നേടിയ എല്ലാവരെയും സെക്രട്ടറി അജിന്‍ ആന്റണി അഭിനന്ദിക്കുകയും അനുമോദിക്കുകയും ചെയ്തു.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍