സിനിമയിൽ പാടാൻ അവസരമൊരുക്കി ഫൊക്കാന,സ്റ്റാർ സിങ്ങർ റജിസ്റ്റർ ചെയ്യാൻ മാർച്ച് 31 വരെ

ശ്രീകുമാർ ഉണ്ണിത്താൻ
ടൊറന്റോ: ഫൊക്കാന നാഷനൽ കൺവൻഷനോടനുബന്ധിച്ചു ജൂലൈ ഒന്നിന് നടക്കുന്ന സ്റ്റാർ സിങ്ങർ മൽസരത്തിനുള്ള റജിസ്ട്രേഷന് തുടക്കമായി. സീനിയർ, ജൂനിയർ വിഭാഗങ്ങളിലെ മൽസര വിജയികളെ കാത്തിരിക്കുന്നത് ദക്ഷിണേന്ത്യയിലെ പ്രമുഖ സംഗീത സംവിധായകന്റെ ശിക്ഷണത്തിൽ ചലച്ചിത്രഗാനം പാടാനുള്ള അവസരം. പിന്നണി ഗായകൻ ജി. വേണുഗോപാലാണ് മുഖ്യ വിധികർത്താവ്. ഗായകരും സംഗീതസംവിധായകരുമെല്ലാം അടങ്ങുന്നതാണ് വിധികർത്താക്കളുടെ പാനൽ.   വിജയികൾക്ക് ക്യാഷ് പ്രൈസും ഫൊക്കാന സ്റ്റാർ സിങ്ങർ ട്രോഫിയുമുണ്ടാകും.  കഴിവുള്ള യുവ തലമുറയിലെ പ്രതിഭകളെ അവസരങ്ങളുടെ ലോകത്തേക്ക് കൈ പിടച്ചു ഉയർത്തുവാനായ് ഉള്ള ഫൊക്കാനയുടെ തുടർച്ചയായുള്ള ശ്രമങ്ങളുടെ ഭാഗം ആണ് ഫൊക്കാന സ്റ്റാർ സിങ്ങർ.
യുഎസ്സിലും കാനഡയിൽനിന്നുമുള്ളവർക്കായി പ്രത്യേകം റജിസ്ട്രേഷനാണുള്ളത്. പതിനാറ് വയസിൽ താഴെയുള്ള ആൺകുട്ടികളും പെൺകുട്ടികളും ജൂനിയർ വിഭാഗത്തിലും പതിനേഴിന് മുകളിലുള്ളവർ സീനിയർ വിഭാഗത്തിലുമാണ്. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് റജിസ്റ്റർ ചെയ്യാൻ മാർച്ച് 31 വരെ സമയമുണ്ട്. റജിസ്ട്രേഷൻ ഫോമിനും ചിത്രത്തിനുമൊപ്പം ഇഷ്ടമുള്ള രണ്ടു പാട്ടുകൾ പാടിയതിന്റെ വിഡിയോയും സമർപ്പിക്കണം. ഇതിൽ ഒരു ഗാനം മലയാളത്തിലായിരിക്കണം. കരോക്കെ ആകാം. അപൂർണമായ ഗാനങ്ങളാണ് അയയ്ക്കുന്നതെങ്കിൽ പരിഗണിക്കുന്നതല്ല. ഇരുവിഭാഗങ്ങളിലും റീജനൽ തലത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു പേർ വീതമാണ് ഫൈനൽ റൌണ്ടിൽ പങ്കെടുക്കാൻ അർഹത നേടുക. ഫൈനൽ റൌണ്ടിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവർ കൺവൻഷനിൽ പങ്കെടുക്കുന്നതിനായി ഒറ്റയ്ക്കോ കുടുംബമായോ റജിസ്റ്റർ ചെയ്യേണ്ടതാണ്.
സ്റ്റാർ സിങ്ങർ മൽസരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്,  ബിജു കട്ടത്തറ(646-717 -8578 ) ശബരിനാഥ്(516-244-9952 ) ഡോമിനിക് ജോസഫ് (289-937-6801), സാവിയോ ഗോവ്യസ് (647–448-2469), രാജീവ് ദേവസി (647-801-6965), സജായ് സെബാസ്റ്റ്യൻ (780-802-8444) എന്നിവരുമായി ബന്ധപ്പെടണം.
Top