പാരീസ്: നിലത്തു കിടക്കുന്ന മാലിന്യം പെറുക്കാന്‍ എല്ലാവര്‍ക്കും ഭയങ്കര മടിയാണ്. അല്ലെങ്കില്‍ കുറച്ചില്‍. പക്ഷേ ഫ്രാന്‍സിലെ ഒരു പാര്‍ക്കിലെ കാക്കകള്‍ക്ക് അത്തരത്തില്‍ പെട്ട ഒരു പ്രശ്‌നോം ഇല്ല. പാര്‍ക്ക് സന്ദര്‍ശിക്കാനെത്തുന്ന ആളുകള്‍ നിരത്തില്‍ ഉപേക്ഷിക്കുന്ന ഏത് മാലിന്യവും അവര്‍ ഞൊടിയിടയില്‍ അവിടെ നിന്ന് മാറ്റി പാര്‍ക്ക് വൃത്തിയായി സൂക്ഷിക്കും.
ഫ്രാന്‍സിലെ ഹിസ്‌റ്റോറിക്കല്‍ തീം പാര്‍ക്കായ പൂ ദുവോ ഫോയിലാണു പ്രത്യേകം പരിശീലനം ലഭിച്ച കാക്കകള്‍ പാര്‍ക്ക് വൃത്തിയാക്കാനെത്തുന്നത്. ആറു കാക്കകളെയാണ് നിയോഗിച്ചിരിക്കുന്നത്. കാക്ക കുടുംബത്തില്‍ പെട്ട റൂക്ക്‌സ് കാക്കകളാണ് ഇവ. സിഗരറ്റ് കുറ്റി ഉള്‍പ്പെടെയുള്ള മാലിന്യം കൊത്തിയെടുത്ത് അടുത്തുള്ള പെട്ടിയില്‍ കൊണ്ടിടാനാണ് ഇവയെ പരിശീലിപ്പിച്ചത്.
പെട്ടികളില്‍ ഇവയ്ക്കുള്ള ഭക്ഷണവും ഉണ്ടാവും. ഒരോ തവണ മാലിന്യം കൊണ്ടിടുമ്പോഴും പെട്ടിയില്‍ നിന്നു കാക്കകള്‍ക്ക് ഭക്ഷണമെടുക്കാനാവുന്നതാണ്. പാര്‍ക്കിന്റെ മേല്‍നോട്ട ചുമതലയുള്ള കാക്കകളുടെ ആദ്യസംഘം ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത സംഘം കാക്കകള്‍ ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കും.