ഡബ്ലിന്‍: പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യജിപി സേവനം നല്‍കാനുള്ള ശ്രമം അടുത്ത വര്‍ഷം അവസാനം വരെ തുടരേണ്ടി വരുമെന്ന് സൂചന. സേവനം നല്‍കുന്നത് സംബന്ധിച്ച് ഡോക്ടര്‍മാരുടെ നിസഹകരണം തുടരുന്ന സാഹചര്യത്തിലാണിത്.ആറ് മുതല്‍ പതിനൊന്ന് വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ സേവനം നല്‍കുന്നതിന് ചര്‍ച്ചകള്‍ തുടരുമെന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്ക്കര്‍ വ്യക്തമാക്കുന്നുണ്ട്. അടുത്ത വര്‍ഷം സെപ്തംബര്‍ അവസാനം വരെയെങ്കിലും ചര്‍ച്ചകളിലൂടെ പദ്ധതി നടപ്പാക്കുന്നത് വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ ജിപി കമ്മിറ്റി തന്നെയാണ് ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിക്കുന്നത്.
പുതിയ ജിപി കരാര്‍ കലാവധി കഴിയാതെ പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ജിപി സേവനമെന്ന ആവശ്യം പരിഗണിക്കില്ലെന്നാണ് ഐഎംഒ വ്യക്തമാക്കുന്നത്. വഷയത്തില്‍ വരേദ്ക്കറും ആരോഗ്യസഹമന്ത്രി കാത്‌ലീന്‍ ലിഞ്ചുമായി കൂടിക്കാഴ്ച്ച കഴിഞ്ഞതിന് ശേഷമായിരുന്നു ഈ പ്രഖ്യാപനമെന്നതും ഡോക്ടര്‍മാരുടെ ഉറച്ച തീരുമാനത്തിന്റെ സൂചനയാണ്. പുതിയതായി രോഗികളെ എടുത്ത് അധികഭാരം ഉണ്ടാക്കുന്നതിന് നിലവില്‍ പ്രസക്തിയില്ലെന്ന് സംഘടന വ്യക്തമാക്കുന്നു. നിലവില്‍ ഉള്ള രോഗികളുടെ ആവശ്യങ്ങള്‍ തന്നെ പരിഹരിക്കപ്പെടുന്നതിനാണ് മുന്‍തൂക്കമെന്നും പറയുന്നുണ്ട്.
ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. പാട്രേയ്ഗ് മക്ഗാറി വ്യക്തമാക്കുന്നത് പുതിയ കരാര്‍ വരുന്നത് നിലവിലെ രോഗികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായകരമാകുന്ന വിധത്തിലാവണമെന്നാണ്. മാറാ രോഗങ്ങള്‍ ഉള്ളവര്‍ക്കും ഗ്രാമമേഖലയിലെ സേവനത്തിനും പ്രാധാന്യം നല്‍കുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെടുന്നു. സേവനം നല്‍കാന്‍ ആവശ്യമായ സ്രോതസാണ് ചര്‍ച്ചകളുടെ കേന്ദ്രമെന്ന സൂചനയും ഇദ്ദേഹം തരുന്നുണ്ട്. അടുത്ത സെപ്തംബര്‍ വരെയെങ്കിലും പന്ത്രണ്ട് വയസിന് താഴെയുള്ളവര്‍ക്ക് സൗജന്യ സേവനമെന്നത് ഈ സാഹചര്യത്തില്‍ വൈകും. ആറ് വയസിന് താഴെയുള്ളവര്‍ക്കും എഴുപത് വയസിന് മുകളില്‍ ഉള്ളവര്‍ക്കും സൗജന്യ സേവനം നിലവില്‍ സാധ്യമായിട്ടുണ്ട്.
ബഡ്ജറ്റില്‍ ഈ സേവനം പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് ആക്കുമെന്നും പ്രഖ്യാപിക്കുക ആയിരുന്നു സര്‍ക്കാര്‍. അടുത്ത മാര്‍ച്ചോടെ ജിപിമാരുമായി പുതിയ കരാര്‍ ഉണ്ടാക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഡോക്ടര്‍മാരുടെ സംഘടനയുടെ പുതിയ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കിലും ശുഭപ്രതീക്ഷയിലാണ് താനെന്ന് വരേദ്ക്കര്‍ പറയുന്നു. അതേ സമയം ഇരു കൂട്ടരും തമ്മില്‍ ധാരണയിലെത്തുന്നത് അടുത്തമാസം അവസാനത്തോടെയായിരിക്കുമെന്ന സൂചന തന്നെയാണ് മന്ത്രിയും നല്‍കുന്നത്.