ഡബ്ലിന്‍ : ഗാല്‍വേയില്‍ അടുത്ത ആഴ്ച്ചയ്ക്കുള്ളില്‍ ശക്തിയായ വേലിയേറ്റം മൂലം വെള്ളപ്പൊക്കം അനുഭപ്പെടുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ പതിനെട്ട് കൊല്ലത്തിനിടെ അനുഭവപ്പെട്ട ഏറ്റവും ഉയര്‍ന്ന തോതിലുള്ള വേലിയേറ്റമായിരിക്കും ഇത്. ഞായറാഴ്ച്ച 5.77 മീറ്റര്‍ വരെ ജലം ഉയരുമെന്നാണ് മുന്നറിയിപ്പ്. സ്പാനിഷ് ആര്‍കിലെ കടല്‍ ഭിത്തിയേക്കാല്‍ പന്ത്രണ്ട് സെന്റീമീറ്റര്‍ ഉയരത്തിലാകും വെള്ളം പൊങ്ങുക. അടുത്ത് ആഴ്ച്ച ആദ്യം തന്നെ വെള്ളപ്പൊക്കം പ്രതിരോധിക്കുന്നതിനായി അക്വാഡാം എന്ന് വിളിക്കുന്ന തടയണകള്‍ കൊണ്ട് വരും.
വെള്ളം കയറുമെന്നും എന്നാല്‍ ഇത് മൂലം കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് കരുതുന്നില്ലെന്നും കൗണ്‍സില്‍ വക്താവ് പറയുന്നു. മഴയും ശക്തമായ കാറ്റും ലഭിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ വേലിയേറ്റത്തേക്കാള്‍ പ്രശ്‌നമായി മാറുന്നത് മോശം കാലാവസ്ഥയായിരിക്കും. അടുത്ത ആഴ്ച്ച അവസാനത്തോടെ മോശം കാലാവസ്ഥ പ്രകടമാകുമെന്നാണ് കരുതുന്നത്. സെപ്തംബര്‍ മിക്ക ഭാഗങ്ങളിലും തണുപ്പും മഴയുമുള്ളതമായി അനുഭവപ്പെടും. എന്നാല്‍ കാലാവസ്ഥയിലുള്ള മാറ്റം അപ്രതീക്ഷിതമായത് കൊണ്ട് ഫയര്‍ആന്റ് റസ്‌ക്യൂ വിഭാഗമായും ഗാര്ഡയുമായും യോഗം ചേര്‍ന്നിരുന്നു. അപ്രതീക്ഷിത കാലാവസ്ഥാപ്രതിഭാസങ്ങളുണ്ടായാല്‍ നടപടിയെടുക്കാനായിരുന്നു ഇത്. പ്രാദേശിക സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും ഉയര്‍ന്ന വേലിയേറ്റമുണ്ടാകുമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.
Oyster Festival ന് ഷിഫ് മാര്‍ക്കറ്റില്‍ അനുമതി നല്‍കാത്തിന്റെ കാരണം വെള്ളപ്പൊക്കം ഉണ്ടാകാമെന്ന സാഹചര്യമാണെന്നും കൗണ്‍സില്‍ വ്യക്തമാക്കുന്നു. ഫ്‌ലഡ് സ്ട്രീറ്റ്, ഫിഷ്മാര്‍ക്കറ്റ് സ്‌ക്വയര്‍, ക്വേ ലൈന്‍, എന്നിവിടങ്ങളിലെല്ലാം വേലിയേറ്റം ദുരിതം വിതക്കാറുണ്ട്.