സ്വന്തം ലേഖകൻ
ഡബ്ലിൻ:മരുന്നുകളുണ്ടാക്കാനായി കഞ്ചാവ് നിയമവിധേയമാക്കണമെന്ന് അയർലണ്ടിലെ 92% പേരും അഭിപ്രായപ്പെട്ടതായി സർവേ. മൺസ്റ്റർ കൗണ്ടിയിൽ 94% പേരാണ് മരുന്നിനായി ഉപയോഗിക്കുന്ന തരത്തിൽ കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടത്. 93% സ്ത്രീകളും, 90% പുരുഷന്മാരും ഇതേ അഭിപ്രായം പങ്കുവച്ചു. റെഡ് സി ആണ് സർവേ നടത്തിയത്. 1,000 പേരാണ് സർവേയിൽ പങ്കെടുത്തത്. അപസ്മാരം അടക്കമുള്ള രോഗങ്ങൾക്ക് കഞ്ചാവ് ഔഷധമാണെന്ന് പറയുന്നുണ്ട്. ഇത് നിയമവിധേയമാക്കുന്നത് സംബന്ധിച്ച് ഐറിഷ് പാർലമെന്റായ ഡോൾ ഈയാഴ്ച ചർച്ച നടത്തും.
എന്നാൽ മെഡിക്കേറ്റഡ് കഞ്ചാവിന്റെ പേരിൽ ലഹരി മരുന്ന് വിൽപ്പനയും ഉണ്ടായേക്കാമെന്ന വാദവും ശക്തമാണ്.ഓരോ ദിവസവും അയർലണ്ടിൽ എത്തുന്നത് മില്യണുകളുടെ മയക്കു മരുന്നുകളാണ്.ആകെ 50 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള അയർലണ്ടിലെ മയക്ക് മരുന്നുപയോഗം ശരാശരി കണക്കിൽ ലോകരാജ്യങ്ങളിൽ ആദ്യ പട്ടികയിൽ പെടുന്നുണ്ട്.