ഡബ്ലിൻ: കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഗാർഡാ സംഘത്തിന്റെ മികവിന് മാനദണ്ഡം കർശനമാക്കുന്നു. കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യമ്പെടുമ്പോഴുള്ള ഗാർഡാ അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവും ഇനി ഓരോ കേസുകളും പരിഗണിക്കുക. ഗാർഡാ സംഘത്തിലെ ഓരോ ഉദ്യോഗസ്ഥനും ഇനി തങ്ങളുടെ കേസുകൾ എന്ത് കൊണ്ടു പരിഹരിക്കപ്പെട്ടില്ലെന്നതിനു കൃത്യമായ വിശദീകരണം നൽകണമെന്നും നിർദേശമുണ്ട്.
രാജ്യത്ത് അന്വേഷണത്തിലിരിക്കുന്ന, എന്നാൽ തീരുമാനമാകാത്ത ക്രൈം കേസുകൾ കുറ്റവാളികളിൽ യാതൊരു മാറ്റവുമുണ്ടാക്കുന്നില്ലെന്നു ഗാർഡാ സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഗാർഡാ സംഘത്തിന്റെ അപര്യാപ്തമായ റിസോഴ്സുകളാണ് പല കേസുകളും സോൾവ് ചെയ്യുന്നത് വൈകുന്നതിനു പിന്നിലെന്നാണ് സംശയിക്കുന്നത്. എന്നാൽ, ചിലയിടങ്ങളിൽ പരിമിതമായ സാഹചര്യങ്ങളാണെങ്കിലും കേസുകൾ പരിഹരിക്കുന്നതിനു അവർക്ക് ഏറെ മികവുണ്ടെന്നും ഗാർഡാ സംഘം വ്യക്തമാക്കുന്നുണ്ട്.
ഗാർഡാ അന്വേഷണ സംഘത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഗാർഡാ സംഘം ഓഫിസുകളിൽ ഡേറ്റാ ആർക്കിടെക്ടിനെ നിയമിച്ചിട്ടുണ്ട്. പ്രതികളും കുറ്റവാളികളും ഇരകളും തമ്മിലുള്ള ബന്ധവും, കേസുകളിൽ തീർപ്പുണ്ടാകുന്നതു സംബന്ധിച്ചുള്ള കാര്യങ്ങളും അടക്കമുള്ളവ ഇവർ ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും ഗാർഡാ സംഘം അന്വേഷണത്തിൽ തീരുമാനം എടുക്കുക.